Friday 13 May 2016

ഗിരിജ പാതെക്കരയുടെ മനപാഠങ്ങള്‍



 പെണ്ണെഴുത്ത് അതിന്‍റെ സാധ്യതകളില്‍ രാഷ്രിയമായി അടയാളപ്പെടുത്തുന്നവയാണ് ഗിരിജ.പി.പാതെക്കരയുടെ കവിതകള്‍.വെറും ഒരു വര്‍ത്തമാനമായി തോന്നാവുന്ന രചനകള്‍ സുക്ഷ്മാര്‍ത്ഥത്തില്‍ അരികു ജിവിതാവസ്ഥകളെ സഫലമായി ചിത്രീകരിക്കുന്നത് കാണാം.അതിവിപ്ലവത്തില്‍ ഊറ്റംകൊള്ളുകയല്ല,അനവദ്യ സുന്ദരമായി പറഞ്ഞറിയിക്കുകയാണ് ഗിരിജയുടെ കവിതാ ശൈലി.

'മനപാഠമാക്കിയവ' എന്ന കവിത വിചാരണ ചെയ്യുന്നത് ഒരു പെണ്‍ബാല്യത്തെയാണ്.പാരമ്പര്യമായി കിട്ടിയതിനെ തൂത്തെറിയാന്‍ മടിക്കുന്നിടത്ത് മാറ്റമില്ലാത്ത തുടര്‍ച്ചകളെ കാണു എന്ന് ഈ കവിത പരിഹാസ്യതയോടെ ഓര്‍മ്മപ്പെടുത്തുന്നു.
  
  
കുട്ടിക്കാലത്ത് 
ഞങ്ങളുടെ സഞ്ചികളിലുണ്ടായിരുന്നു
                                           
 പാഠപുസ്തകത്തിന്‍റെ ഓരം പറ്റി
ഒരു വിസ്തൃത മനപാഠവും 
അതിലുണ്ടായിരുന്നു
പെരുക്കപ്പട്ടികക്കൊപ്പം 
ചില പര്യായങ്ങള്‍,അര്‍ഥങ്ങള്‍,
തലസ്ഥാനങ്ങള്‍,നാണയങ്ങളുടെ ചിത്രങ്ങള്‍,
വിപരീതപദങ്ങള്‍ മുതലായവ
അങ്ങിനെയാണ്
കിണ്ടി വിപരീതം കിണ്ണം
മണ്ണ് വിപരീതം വിണ്ണ്‍
ആന വിപരീതം ആട്
അമ്മ വിപരീതം അച്ഛന്‍
ആണ് വിപരീതം പെണ്ണ് 
എന്നൊക്കെ ഹൃദിസ്തമായത്
മനപാഠമാക്കിയവ 
ഇനി മറക്കുവതെങ്ങിനെ ഞങ്ങള്‍?

'ഭയപ്രശമനേ' എന്ന കവിതയാവട്ടെ പുരുഷ മേല്‍നോട്ടത്തിലെ സ്ത്രീ സ്വത്വത്തെ പ്രസ്നവല്‍ക്കരിക്കുന്നു.ശില്‍പ്പി കൊത്തുന്ന സ്ത്രീ രൂപത്തിലെ പെണ്ണിനെ വീണ്ടെടുക്കലാണ് ഈ കവിത.പെണ്ണ് ഒരു ഉടല്‍ മാത്രമല്ലെന്ന് കവിത ഓര്‍മ്മപ്പെടുത്തുന്നു. തന്‍റെ ഉടല്‍ വാര്‍ക്കുന്ന ശില്പിയോട് ശില്പം പറയുന്നു

 ഇനി നിന്‍റെ  പണിയായുധങ്ങളെല്ലാം
ഒന്നെനിക്കുതരൂ 
മുഴക്കോല്‍ മാത്രം വേണ്ട.

പുരുഷ അളവുകളെ ഇപ്രകാരം നിഷേധിച്ചുകൊണ്ട് പെണ്‍ ജൈവികതയെ ആവിഷ്ക്കരിക്കാനാണ്‌ "ശില്‍പ്പ"ത്തിന്‍റെ ശ്രമം.

ഇപ്രകാരം ഗിരിജയുടെ രണ്ടു രചനകളും ആസ്വാദ്യതയുടെ ആഴം വര്‍ധിപ്പിക്കുന്നു.

മനപാഠമാക്കിയവ-പാഠഭേദം മാസിക,മേയ്-2016

ഭയപ്രശമനേ-എഴുത്ത് മാസിക,മേയ്-2016



Thursday 7 April 2016

റഫീക്ക് അഹമ്മദിന്‍റെ ദേശഭക്തി............


 പുതിയ കാലത്തിന്‍റെ എഴുത്തില്‍ റഫീക്ക് അഹമ്മദ് വ്യെത്യസ്ത്തനാണ്.അതിനു കാരണം അദ്ദേഹം കൈകാര്യം ചെയ്യുന്ന വ്യെത്യസ്ഥ പ്രമേയങ്ങളാണ്.അകംപൊരുളിനെ പുറംലോകവുമായി കൊരുത്തുകൊണ്ടുള്ള ആവിഷ്ക്കരണമാണ് പൊതുവേ അദ്ദേഹത്തിന്‍റെ രചനകള്‍.സുക്ഷ്മ രാക്ഷ്രിയത്തിന്‍റെ  വിചാര വിചാരണകള്‍ സവിസ്ത്തരം സൂചിപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രയോഗപദങ്ങളുടെ ശക്തി സൌന്ദര്യം അപാരമാണ്.പരിസ്ഥിതി,സ്വത്വം തുടങ്ങിയവയൊക്കെ തന്‍റെ നിലപാടുകളോടെ അടയാളപ്പെടുത്താന്‍ റഫീക്കിന്‍റെ  കവിതകള്‍ക്ക് സാധിക്കുന്നുണ്ട്.

'ദേശഭക്തിയെക്കുറിച്ച് ചില വരികള്‍"എന്ന കവിത ഒരു രാക്ഷ്രിയ വായനയാണ്.ദേശഭക്തി,രാജ്യസ്നേഹം എന്നിവയൊക്കെ എപ്പോഴും ഭരണ കൂടത്തെ ബോധ്യപ്പെടുത്തെണ്ടിവരുന്ന "ചിലവംശജനാവലി'യുടെ വിഹ്വലതകള്‍ പങ്കുവയ്ക്കുകയാണ് കവി ഇതില്‍.


അതിര്‍ത്തിയിലെ പക്ഷികള്‍
വലിയകുഴപ്പക്കാരാണ്
ഒരു വകതിരിവുമില്ലാതെ 
അങ്ങോട്ടും ഇങ്ങോട്ടും പാറിക്കൊണ്ടിരിക്കും

എന്നിങ്ങനെ തുടങ്ങുന്ന കവിതയില്‍,സ്വയം ബോധ്യപ്പെടുത്തെണ്ടിവരുന്ന വിഹ്വലവും ഒപ്പം പരിഹാസ്യവും ആയ ഒരു സ്വത്വത്തെ വായിച്ചെടുക്കാം.

ദേശ ജനതയ്ക്കായി കാവല്‍നില്‍ക്കുന്ന വീരത്വങ്ങളോട് കവിതയിലെ കിളി ചോദിക്കുന്നു

നിന്‍റെ  ബയണട്ടിന്‍റെ മുന
എന്നിലേക്ക്‌ തിരിയില്ലെന്ന്
ഉറപ്പു തരാമോ
ഒന്ന് ഉറങ്ങാനാ 

സ്വന്തം ദേശ ജീവിതത്തിലെ അരക്ഷിതത്വം എത്ര സുക്ഷ്മമായാണ് ഇവിടെ വരച്ചിടുന്നത്.

ഒരു മെഴുതിരി പോലെ രാജ്യത്തെ ജനത ഉരുകി ഇല്ലാതാവുമ്പോഴുംദേശസ്നേഹത്തിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ഭരണകുടത്തിന്‍റെ വ്യാജ കല്‍പ്പനകളുംപ്രചാരണങ്ങളും കവി പ്രതിരോധിക്കുന്നത് നോക്കുക

ആത്മഹത്യചെയ്ത കര്‍ഷകര്‍ 
പാതിരാവിന്റെ നിശബ്ധതയില്‍ 


നൃത്തം ചവിട്ടുന്നനേരം,ഒഴുകിയെത്തുന്ന ദേശിയഗാനത്തില്‍ അറ്റന്‍ഷന്‍ ആവുമ്പോള്‍......

അരുത്-പ്രേതമൂപ്പന്‍ പറഞ്ഞു 
നമ്മള്‍ മരിച്ചവരാണ്‌ 
മരിച്ച ജനതയുടെ ഗാനമാണതെന്ന്
വരുത്തിത്തിര്‍ക്കരുത്

കവിത പ്രതിരോധവും പ്രതിഷേധവും ആകുന്നത് ഇങ്ങിനെയാണ്‌.




(കവിത-മാതൃഭുമി ആഴ്ചപ്പതിപ്പ് ഏപ്രില്‍ 10-16,2016)

Tuesday 22 March 2016

അതും ഒരു ശൂദ്രത്തിയാവുമ്പോള്‍...........


M.B.MINI

 കീഴാളജീവിതം ഇപ്പൊഴും അത്രമേല്‍ സുഖകരമല്ലാത്ത  "കേരളിയ"ജീവിതത്തില്‍ ആ വംശത്തിലെ സ്ത്രീ ജീവിതം അതിനേക്കാള്‍ പ്രശ്നസങ്കിര്‍ണമാണ്.നിറം,സൌന്ദര്യം എന്നിവയില്‍ എല്ലാം അവള്‍ വിലയിരുത്തപ്പെടുന്നു.അതൊക്കെ "പോക്ക് കേസുകളാ" എന്ന പുത്തന്‍ പഴംചൊല്ലുകള്‍ക്ക് ഇടം നല്‍കുന്നു.ഈ പശ്ചാത്തലത്തിലാണ് എം.ബി.മിനിയുടെ ശൂദ്രത്തി എന്ന കഥ പ്രസക്തമാവുന്നത്.

ഞാന്‍ ഒരു ശൂദ്രത്തിയാണ് എന്ന്,  സവര്‍ണ്ണകാമുകന്റെ മുഖത്തുനോക്കി പറയാന്‍ മടിക്കാത്ത കാമുകിയുടെ മുന്‍പില്‍ സ്തംഭിച്ചു പോകുന്ന,അവളുടെ ചെയ്തികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാമുകനെ ഈ കഥയില്‍ കാണാം.

എന്നെ മണത്ത് നോക്കു ....ഇപ്പോഴും ഉണ്ടാകും ചേറിന്റെ മണം എന്ന് പറയുന്നതിലൂടെ സ്വത്വബോധത്തിന്റെ ആത്മവിശ്വാസം കാണാം.പച്ചക്കറിയെ മാത്രം ആദരിക്കുന്ന കാമുകന് മുന്‍പില്‍ ബീഫു വരുത്തി വാരിത്തിന്നുന്ന കാമുകി സമകാലീന രാക്ഷ്ട്രിയം അടയാളപ്പെടുത്തുന്നു.

കഥയില്‍ കാമുകന്‍ നിശബ്ധനാണ്.കീഴാള സ്വരം ഉയരുമ്പോള്‍ സവര്‍ണ്ണത അര്‍ഥവത്തായ മൌനത്തില്‍ മുഴുകുമല്ലോ.ജീവിതം പങ്കുവയ്ക്കപ്പെടണ മെങ്കില്‍ എല്ലാ തുറവികളും ആവശ്യമാണ്.അതിനാല്‍ തന്നെ എല്ലാം പറഞ്ഞതിന് ശേഷം അവന്‍റെ നിസ്സഹായതയെ പരിഹസിച്ചുകൊണ്ട്‌ അവള്‍ക്കിത്ര കൂടി പറയേണ്ടി വരുന്നത് 

നിന്നെപ്പോലോരാളുമായി ഒത്തുപോകാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.

എന്നെ ച്ചുംബിച്ചതിന്റെ പരിഹാരങ്ങള്‍ നിന്‍റെ ശാസ്ത്രങ്ങളില്‍ ഉണ്ടോ? 

എന്ന കാമുകിയുടെ ചോദ്യത്തിലൂടെ,സദാചാര ഗുണ്ടായിസത്തിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പുക കൂടിചെയ്യുന്നുണ്ട് കാമുകി.

ഇപ്രകാരം സവര്‍ണ്ണധിപത്യത്തെ,അതിന്‍റെ ഇപ്പോഴും മേല്‍കോയ്മ വഹിക്കുന്ന അഞ്ജാതകരങ്ങളെ നെഞ്ചുക്കോടെ ചോദ്യം ചെയ്യുകയും ചെയ്യുന്നു എഴുത്തുകാരി.

മലയാളകഥാലോകത്ത് ആത്മവിശ്വാസത്തോടെ എടുത്തുവയ്ക്കാവുന്ന  കൊച്ചു കഥയാണ്‌  ശൂദ്രത്തി.

(കഥ-പാഠഭേദം മാര്‍ച്ച് ലക്കം,2016)