Friday 13 May 2016

ഗിരിജ പാതെക്കരയുടെ മനപാഠങ്ങള്‍



 പെണ്ണെഴുത്ത് അതിന്‍റെ സാധ്യതകളില്‍ രാഷ്രിയമായി അടയാളപ്പെടുത്തുന്നവയാണ് ഗിരിജ.പി.പാതെക്കരയുടെ കവിതകള്‍.വെറും ഒരു വര്‍ത്തമാനമായി തോന്നാവുന്ന രചനകള്‍ സുക്ഷ്മാര്‍ത്ഥത്തില്‍ അരികു ജിവിതാവസ്ഥകളെ സഫലമായി ചിത്രീകരിക്കുന്നത് കാണാം.അതിവിപ്ലവത്തില്‍ ഊറ്റംകൊള്ളുകയല്ല,അനവദ്യ സുന്ദരമായി പറഞ്ഞറിയിക്കുകയാണ് ഗിരിജയുടെ കവിതാ ശൈലി.

'മനപാഠമാക്കിയവ' എന്ന കവിത വിചാരണ ചെയ്യുന്നത് ഒരു പെണ്‍ബാല്യത്തെയാണ്.പാരമ്പര്യമായി കിട്ടിയതിനെ തൂത്തെറിയാന്‍ മടിക്കുന്നിടത്ത് മാറ്റമില്ലാത്ത തുടര്‍ച്ചകളെ കാണു എന്ന് ഈ കവിത പരിഹാസ്യതയോടെ ഓര്‍മ്മപ്പെടുത്തുന്നു.
  
  
കുട്ടിക്കാലത്ത് 
ഞങ്ങളുടെ സഞ്ചികളിലുണ്ടായിരുന്നു
                                           
 പാഠപുസ്തകത്തിന്‍റെ ഓരം പറ്റി
ഒരു വിസ്തൃത മനപാഠവും 
അതിലുണ്ടായിരുന്നു
പെരുക്കപ്പട്ടികക്കൊപ്പം 
ചില പര്യായങ്ങള്‍,അര്‍ഥങ്ങള്‍,
തലസ്ഥാനങ്ങള്‍,നാണയങ്ങളുടെ ചിത്രങ്ങള്‍,
വിപരീതപദങ്ങള്‍ മുതലായവ
അങ്ങിനെയാണ്
കിണ്ടി വിപരീതം കിണ്ണം
മണ്ണ് വിപരീതം വിണ്ണ്‍
ആന വിപരീതം ആട്
അമ്മ വിപരീതം അച്ഛന്‍
ആണ് വിപരീതം പെണ്ണ് 
എന്നൊക്കെ ഹൃദിസ്തമായത്
മനപാഠമാക്കിയവ 
ഇനി മറക്കുവതെങ്ങിനെ ഞങ്ങള്‍?

'ഭയപ്രശമനേ' എന്ന കവിതയാവട്ടെ പുരുഷ മേല്‍നോട്ടത്തിലെ സ്ത്രീ സ്വത്വത്തെ പ്രസ്നവല്‍ക്കരിക്കുന്നു.ശില്‍പ്പി കൊത്തുന്ന സ്ത്രീ രൂപത്തിലെ പെണ്ണിനെ വീണ്ടെടുക്കലാണ് ഈ കവിത.പെണ്ണ് ഒരു ഉടല്‍ മാത്രമല്ലെന്ന് കവിത ഓര്‍മ്മപ്പെടുത്തുന്നു. തന്‍റെ ഉടല്‍ വാര്‍ക്കുന്ന ശില്പിയോട് ശില്പം പറയുന്നു

 ഇനി നിന്‍റെ  പണിയായുധങ്ങളെല്ലാം
ഒന്നെനിക്കുതരൂ 
മുഴക്കോല്‍ മാത്രം വേണ്ട.

പുരുഷ അളവുകളെ ഇപ്രകാരം നിഷേധിച്ചുകൊണ്ട് പെണ്‍ ജൈവികതയെ ആവിഷ്ക്കരിക്കാനാണ്‌ "ശില്‍പ്പ"ത്തിന്‍റെ ശ്രമം.

ഇപ്രകാരം ഗിരിജയുടെ രണ്ടു രചനകളും ആസ്വാദ്യതയുടെ ആഴം വര്‍ധിപ്പിക്കുന്നു.

മനപാഠമാക്കിയവ-പാഠഭേദം മാസിക,മേയ്-2016

ഭയപ്രശമനേ-എഴുത്ത് മാസിക,മേയ്-2016