Monday, 18 February 2013

ആണ്‍ പകിട,പെണ്‍ കരുക്കള്‍


പകിടകളി ഒരു സാധ്യത മാത്രമാണ്,നിയതമല്ലാത്ത ഒരു പരീക്ഷണം!അഞ്ച്‌ ആണുങ്ങള്‍ കാവലാളുകളായി ചുറ്റുമുണ്ടായിരുന്നിട്ടും മഹാഭാരതത്തിലെ പാഞ്ചാലിക്ക് ഒരു കളിയുടെ പേരില്‍ എല്ലാം നഷ്ട്ടമായി.പുരുഷത്വം അടിമത്തമായി.പെണ്ണ് വെറും ഒരു പണയവസ്തുവായി!

ആധുനിക യുഗവും ഇതില്‍ നിന്നും വ്യെത്യസ്തമല്ല.ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ ദുരന്തത്തെ അധികരിച്ച് ബിന്ദു കൃഷ്ണന്‍ എഴുതിയ പകിട എന്ന കവിത അത്തരമൊരു വായനയാണ്.

പ്രണയത്തിന്‍റെ നൈര്‍മല്ല്യതകളും നഷ്ടപ്പെടലുകളും കവിതയില്‍ ആവിഷ്കരിക്കാറുള്ള ബിന്ദു,കാമാര്‍ത്തിയുടെ കടന്നാക്രമണങ്ങളെ തീവ്രമായിട്ടാണ് ഈ കവിതയില്‍ അവതരിപ്പിക്കുന്നത്‌.ഇത് സമകാലീനപ്രസക്തം മാത്രമല്ല,കാലാതിതവുമാണ്.

പെണ്‍ജീവിതത്തിന്‍റെ അരക്ഷിതാവസ്ഥ ഭയാനകമായിട്ടാണ് ഈ കവിതയില്‍ അവതരിപ്പിക്കപ്പെടുന്നത്.പെണ്‍ ജീവിതാനുഭവങ്ങളെ,ഒരു പെണ്ണിനല്ലാതെ മറ്റാര്‍ക്ക് ഇത്രമേല്‍ തിവ്രമായി അവതരിപ്പിക്കാന്‍ കഴിയും?ഇതൊരു വിലാപ ഗാനമല്ല.സമത്വജീവിതാഗ്രഹത്തിന്‍റെ നേര്‍ചിത്രമാണ്
 
   ബിന്ദു കൃഷ്ണന്‍

ആണത്വം ആക്രമണത്തിലല്ല,കാമത്തില്‍പോലുമല്ല.
പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ,സൌഹൃദത്തിന്‍റെ സാധ്യതകളിലാണ്.


Saturday, 2 February 2013

എല്ലാ പാടവും കാലടിപ്പാടം ആകുമ്പോള്‍

കേരളം അടുത്ത തലമുറക്കാലത്ത് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തം വെള്ളമില്ലായ്മയുടെത് ആയിരിക്കും.അത്രയേറെ പാരിസ്ഥിതിക വെല്ലുവിളികളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.എന്നാല്‍ ഇതിനെപറ്റി ആശങ്കയുള്ള ഭരണകുടമോ,ജനങ്ങളോ പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ്.ആഗോളമുലധനവും പണക്കൊഴുപ്പും നാടന്‍ മുതലാളിത്തവും എല്ലാവരെയും നിശബ്ധരാക്കുന്നു.കുടിവെള്ളം മുട്ടുമ്പോള്‍ മാത്രം കുടമെടുത്തു പ്രതിഷേധിക്കുന്ന,ഇതിന്‍റെ അടിസ്ഥാനകാരണങ്ങളോട് പ്രതികരിക്കാത്ത ജനതയായി തീര്‍ന്നിരിക്കുന്നു നാം.അതുകൊണ്ട് തന്നെ സാഹിത്യത്തില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ അപുര്‍വമായെ കടന്നു വരുന്നുള്ളൂ.അതും ചിലപ്പോള്‍ മടുപ്പിക്കുന്ന നോല്‍സ്ടാല്ജിയായും!
സുരേഷ് മൂക്കന്നൂര്‍ എഴുതിയ കാലടിപ്പാടം ശ്രധ്യേയമാകുന്നത്                             അതുകൊണ്ടാണ്.

നിങ്ങള്‍  വയലില്‍ നിലാവത്ത് 
സല്ലാപമേളം നടത്തിടുമ്പോള്‍
 മണ്ണിന്നടിയില്‍ കിടന്നു പാടം
വിങ്ങിക്കരയും കരച്ചില്‍ കേള്‍ക്കാം 

എന്നുതുടങ്ങുന്ന കവിത മലയാളിയുടെ സംസ്കാരവും ജീവിത പരിണാമങ്ങളും പരിശോധിക്കുന്നുണ്ട്.എന്നാല്‍ ഈ കവിത കേവല പരിസ്ഥിതി വിലാപമായി ഒടുങ്ങുന്നില്ല എന്നതാണ് ഈ കവിതയെ വ്യെത്യസ്തമാക്കുന്നത്.ദേവഭാഷയെന്നു കേളികേട്ട സംസ്കൃതത്തിന്‍റെ സമകാലീന അവസ്ഥയെ പരിഹസിക്കയും ചെയ്യുന്നു.ഒരിക്കല്‍ കാലടിയെന്ന പ്രദേശത്തെ ജീവിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്ത നെല്‍വയലുകള്‍ മുഴുവന്‍ നിരത്തി പണിതുയര്‍ത്തിയിരിക്കുന്ന സംസ്കൃതസര്‍വകലാശാലയെ വ്യെംഗ്യമായി സുചിപ്പിക്കുകയും ചെയ്തിരിക്കുന്നു!

മുന്നാം കാലടികൊണ്ട് മലയാളം മുടിച്ച മാവേലിയുടെ ആധുനിക രൂപമായി ബുല്‍ഡോസറുകള്‍ കേരളത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോള്‍, ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്.സുരേഷ് മൂക്കന്നൂരിന്‍റെ ആദ്യകാല കവിതകളുടെ കരുത്ത്‌ ഈ കവിത വെളിവാക്കുന്നുണ്ട്.കുടുതല്‍ പടപ്പാട്ടുകള്‍ എഴുതുന്നത്‌ വിട്ട് കവിതയില്‍ ഇതേപോലെ ധ്യാനങ്ങള്‍ അനുഷ്ട്ടിക്കുമെങ്ങില്‍ ഇത്തരം കരുത്തുള്ള കവിതകള്‍ അദ്യേഹത്തിനു ഇനിയും എഴുതാനാവും.  

കാലടിപ്പാടം-സുരേഷ് മുക്കന്നൂര്‍-ഗ്രന്ഥലോകം,ജനുവരി 2013

 

Thursday, 10 January 2013

മറ്റേതില്ലാത്ത മാപ്ലമാര്‍....

പ്ലമേനമ്മായിയുടെ മാപ്ല അന്തോന്ന്യാപ്ല
തൊടുപുഴ പള്ളിയിലെ ദര്‍ശനക്കാരനായിരുന്നു.

കെ.ആര്‍.ടോണിയുടെ ദര്‍ശനം എന്ന കവിത തുടങ്ങുന്നത് ഇങ്ങിനെയാണ്.ആത്മീയ ജീവിതവും ഭൌതിക യാഥാര്‍ത്ഥ്യവും മനുഷ്യനില്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ കവിത പരിശോധിക്കുന്നു.ദിവസവും പള്ളിയില്‍ പോകുന്നവര്‍,തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കും വിധം മാത്രം ജീവിക്കുന്നവര്‍,അവരെല്ലാം സമുഹത്തിന്റെ കാഴ്ചയില്‍ നല്ലവരായിരിക്കാം.എന്നാല്‍ കുടുംബത്തില്‍ അവരെങ്ങിനെ എന്നതിന്‍റെ സത്യം ഈ കവിത കാട്ടിത്തരുന്നു.ഒപ്പം പള്ളിയുടെ ആത്മീയ ശൂന്യതയെ ഇങ്ങിനെ പരിഹസിക്കുകയും ചെയ്യുന്നു കവിത:
നൂറായിപിരിഞ്ഞ സഭയുടെ 
അവാന്തരവിഭാഗങ്ങളെപ്പറ്റി
ഒരു ക്രിസ്ത്യാനിക്കെന്തറിയാം!
എന്തിനറിയണം!
അച്ചന്‍ പറഞ്ഞപടി ചെയ്താല്‍
ദര്‍ശനക്കാരനാവാം,
സ്വര്‍ഗ്ഗത്തിലും പോകാം!

നര്‍മ്മം ചാലിച്ച് കവിത രചിക്കുന്നതില്‍ ചാതുര്യം ഉള്ള കവിയാണ് ടോണി.(ചിലതെല്ലാം തികഞ്ഞ അരാഷ്ട്രീയതയാണെങ്കിലും)പരത്തിപറയുന്ന പതിവില്‍ നിന്നും ഈ കവിത കയ്യൊതുക്കം കാണിക്കുന്നു.ആത്മീയതയുടെ പൊള്ളത്തരം കവിതയില്‍ അവസാനിക്കുന്നിടത്ത് ഇങ്ങിനെ കുറിക്കുന്നു കവി:

പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ 
സ്വന്തം മാപ്ലയെപ്പറ്റി അമ്മായി പറയാറുള്ളത്
"ഒരു ചുക്കിനും ചുണ്ണാമ്പിനും 
കൊള്ളാത്ത മനുഷ്യന്‍"
എന്നായിരുന്നു!
ദര്‍ശനം-പച്ചക്കുതിര-ഡിസംബര്‍-2012

Friday, 28 December 2012

എന്‍ട്രി

രാഷ്ട്രീയത്തിന്‍റെ ഉള്ളടരുകളെ  
സുക്ഷ്മമായി കവിതയില്‍ ആവിഷ്ക്കരിക്കുന്ന
 അപുര്‍വം പുതുകവികളില്‍ ഒരാളാണ്
 ബിജു .കാഞ്ഞങ്ങാട്

എന്‍ട്രി (ഹരിതവിപ്ലത്തിന്)അത്തരമൊരു കവിതയാണ്.
നാം കൊട്ടിഘോഷിച്ച ഹരിതവിപ്ലവ പദ്ധതി
ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്നു എല്ലാവര്ക്കും അറിയാം.
(ഭരണ ദല്ലാളന്മാക്കൊഴികെ)
വയലുകള്‍,കാര്ഷികസംസ്കാരം എല്ലാം ഇല്ലാതായി!
ജീവിവര്‍ഗങ്ങള്‍ പലതും അന്യംനിന്നു.
മണ്ണ് മരണമായി.

വയലില്‍വച്ചു
തുള്ളന്‍ വന്യമായി ക്ഷോഭിച്ച്
കലഹിച്ച്
മരണത്തെ
അര്‍ദ്ധബോധാവസ്ഥയിലാക്കി.
മരണത്തിലേക്ക്  കുപ്പുകുത്തുന്ന സമുഹത്തെ കവി ഇങ്ങിനെയാണ് അടയാളപ്പെടുത്തുന്നത്.

കവിതയെ. പരിസ്ഥിതികവിത എന്നൊക്കെ ഇനി വേറിട്ട്‌ വിളിക്കേണ്ടതില്ല,
എല്ലാംമനുഷ്യജീവിതത്തിന്‍റെഭാഗമാകുകയാല്‍.

മാധ്യമംവാരിക -2012 ഡിസംബര്‍ 21

Friday, 26 October 2012

ജീവിതം ഒരു തുടര്ച്ചയോ??




ഓരോ മനുഷ്യജീവിതവും
 മറ്റൊന്നിന്‍റെ തുടര്‍ച്ചയോ,അനുകരണമോ ആയി തോന്നാം. 
എന്നാല്‍  ഓരോന്നും വ്യെത്യസ്തവും അനുകരണാത്മകമല്ലാത്തതുമാണ്.

മനുഷ്യജീവിതം സാധ്യമാക്കുന്നതാണ് സര്‍ഗാത്മകതയും എന്നതിനാല്‍ ജീവിത വഴികളില്‍ നിന്ന് അതും വ്യെത്യെസ്തമാകുന്നില്ല!
 
ബിന്ദുകൃഷ്ണന്‍റെ തുടര്‍ച്ച എന്ന കവിതയുടെ വായനാനുഭവം ആദ്യം പങ്കുവച്ചതു ഈ വിചാരമാണ്‌.
 
ചരിത്രത്തിന്‍റെ ഇത്തരം തുടര്ച്ചകളെ ബിന്ദു അടയാളപ്പെടുത്തുന്നത് ലിഫ്റ്റില്‍ യാത്ര ചെയ്യുന്ന മനുഷ്യരോട് ഉപമിച്ചുകൊണ്ടാണ്.
 
ലിഫ്ടിലെ യാത്ര
ഒരുതുടര്ച്ചയാണ്
 
എന്ന് കവിത തുടങ്ങുമ്പോള്‍ മുന്‍പേ കടന്നുപോയ കാല്പാടുകളുടെ വിവിധ സാംഗത്യങ്ങള്‍ ബിന്ദു ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പല വിചാരങ്ങളിലുടെ കടന്നുപോയവര്‍,
സുഗന്ധവും ദുര്‍ഗന്ധവും ഉള്ളവര്‍,
കുട്ടത്തില്‍ നില്‍ക്കുമ്പോഴും ഒറ്റപ്പെട്ടുപോയവര്‍ (ഇത്തരം ഒറ്റപ്പെടലിന്‍റെ വ്യെഥ ബിന്ദുവിന്റെ ഒത്തിരി കവിതകളില്‍ സുചിപ്പിക്കപെടുന്നുണ്ട്! )
 
കവിതയും ഇതുപോലെ ഒരു തുടര്‍ച്ചയാനെന്നു ബിന്ദു പറയുന്നു!
കവിത ഒന്നെങ്കിലും അതിന്റെ രചനാവഴികളും കാഴ്ചയും പലതാണ്.
എഴുത്തും എഴുത്തുകാരും മാത്രമല്ല വായനയും വായനക്കാരും പ്രസക്തമാണെന്നും ബിന്ദു തിരിച്ചറിയുന്നു.
അതുകൊണ്ടാണ് ബിന്ദു കവിത ഇങ്ങിനെ അവസാനിപ്പിക്കുന്നത്
 
പേനയെടുത്ത കൈകള്‍
ഒറ്റപ്പെട്ടപ്പോള്‍
പുസ്തകമെടുത്ത കൈകളെ
മേല്ലെതൊടും
വന്കരകള്‍ക്കപ്പുറത്തുനിന്നു
യുഗങ്ങല്ള്‍ക്കപ്പുറത്തുനിന്നു
 

Tuesday, 11 September 2012

കാവ്യാമാധവനെ കാളിദാസനാക്കുമ്പോള്‍

മാധ്യമം വാരിക(2012 സെപ്റ്റംബര്10‍)യില്‍ ദീദി ദാമോരന്‍ കാവ്യാമാധവന്റെ കവിതകളെ വാനോളം പുകഴ്ത്തി ഒരു ലേഖനം എഴുതിയിട്ടുണ്ടെ.
ആധുനിക ചിന്താധാരയും ഫെമിനിസവും മേമ്പൊടിയായിഉണ്ട്!കലിതാളം,തന്റെടത്തിന്റെ മുദ്രകള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍! why this kolavary യെ പരിഹസിച്ച ഓ.എന്‍.വി.അടക്കം
പുസ്തക പ്രകാശനത്തിനു പങ്കെടുത്തുവത്രെ!
(കൊലവറി ക്ക് കിട്ടിയ സ്വീകാര്യത മഹാകവിയുടെ മൊത്തം കവിതകള്‍ക്ക്‌ കിട്ടിയിട്ടുണ്ടോ ആവോ?)
കാവ്യയുടെ കവിതകള്‍ നിര്‍ഭാഗ്യവശാല്‍ ഈയുള്ളവന്‍ വായിച്ചിട്ടില്ല.ലേഖനത്തില്‍ ഉദാഹരണമായി കൊടുത്തിട്ടുള്ള വരികളില്‍
ഒരു പത്തു വയസുകാരിയുടെ കവിതക്കപ്പുറമുള്ള എന്തെങ്കിലും കാവ്യാത്മകത തോന്നിയതുമില്ല.
ഇതിപ്പോള്‍ അമൃത ചാനലിലെ സമാഗമം പോലെയാണ്.
മുഖാമുഖം കണ്ടിരുന്നുള്ള പുകഴ്ത്തല്‍.
അതിനു നിലവാരമുള്ള ഒരു വാരികയുടെ അഞ്ചു പേജാണ്‌ കളഞ്ഞത്!
ഈ ലേഖനത്തോട് ചേര്‍ന്നുള്ള പേജില്‍,
കാമ്പസ്‌ കവിതകള്‍ എന്ന പേരില്‍ ചൈത്ര എന്ന ഒരു കുട്ടിയുടെ കവിതയുണ്ട്.
അതിന്‍റെഏഴയലത്ത് പോലും വരുമോ
കാവ്യയുടെ ഏതെങ്ങിലും ഒരു കവിത!
സാഹിത്യം ഇത്രമേല്‍ അധപ്പതിക്കണോ?
പൊങ്ങച്ചം പറച്ചിലിന്റെ കാലം അവസാനിച്ചെന്ന്‌ ഇത്തരം എഴുത്തുകാര്‍ ‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നോ?
 

Tuesday, 7 August 2012

എത്ര കഷ്ണമാക്കി മുറിക്കേണം?

ഒരു കൊലപാതകം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ ഇത്രമേല്‍ പ്രതിസന്ധിയില് ആക്കിയ മറ്റൊരുകാലം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.മാധ്യമങ്ങള്‍ അത് ബുദ്ധിപരമായി ഉപയോഗിച്ചു.മൌനങ്ങളെ അവര്‍വെല്ലുവിളിച്ചു.അതിനാല്‍ തന്നെ ചില്ലുമേടകളിലെ സുപ്പര്‍ സ്റ്റാറുകള്‍ വരെ തെരുവിലിറങ്ങി വിലപിച്ചു.ഒരു പ്രസ്ഥാനത്തിനെതിരായി വിവിധ സാഹിത്യ-കലാരുപങ്ങള്‍ ഉണ്ടായി.അതിന്‍റെ ഭാഗമായാണ് കഥാകൃത്തായ ബി.മുരളിപോലും കവിത എഴുതിയത്!(ഇതിനു മുന്‍പ് മുരളിയുടെതായി ഒരു കവിതപോലും ഈയുള്ളവന്‍വായിച്ചിട്ടില്ല)

കഥയിലെന്നപോലെ കവിതയിലും സ്വന്തമായി ഒരിടം ചേര്‍ക്കാന്‍ മുരളിക്കാവും എന്ന് ഒരുമാതിരി ചോദ്യങ്ങള്‍ എന്ന കവിതയിലുടെ മുരളി തെളിയിക്കുന്നു.ജ്ഞാനപ്പാന,രാമായണം തുടങ്ങിയ കാവ്യങ്ങളിലെ കല്‍പ്പനകളെ അനുയോജ്യമായി പിന്‍പറ്റിയാണ് കവിതയുടെ രചനാശൈലി.

ബാറില്‍ രണ്ടുപേര്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു
മധ്യെയിങ്ങനെ കാണുന്നനേരത്തു
മദ്യപിക്കുന്നതെന്തിനു നാം വൃഥാ? 

എന്നിങ്ങനെയെല്ലാം തുടരുന്ന കവിതയിലെ ആഖ്യാതാക്കളോട് ഇറച്ചിവെട്ടുകാരന്‍ ഇറച്ചി ഫ്രൈക്കാണോ കറിക്കാണോ  എന്ന് ചോദിക്കുമ്പോള്‍

അതെന്നാ വ്യത്യാസം

കത്തിപ്പണി ഒന്നുവേണോ
അതോ അമ്പത്തൊന്നു വേണോ
എന്നെനിക്കറിയണ്ടേ

എന്ന് പറയുന്നിടത്താണ് കവിത സമകാലീന സംഭവവികാസത്തെ പരിഹാസ്യമായി വായിച്ചെടുക്കുന്നത്!

ഇതേ വിഷയം തന്നെ മറ്റൊരു രീതിയില്‍ തന്റെ കവിതയിലുടെ പി.രാമനും അവതരിപ്പിക്കുന്നത്‌ കാണാം മാതൃഭുമിആഴ്ചപ്പതിപ്പിലുടെ.എത്ര പെട്ടെന്നാണ് നമ്മുടെ എഴുത്തുകാര്‍ സാമുഹികതയോട് പ്രതികരിക്കുന്നത്!

മാധ്യമം വാരികയുടെ 2012ആഗസ്റ്റ് ലക്കത്തില്‍ പി.കെ.പോക്കര്‍,എസ്,എഫ്.ഐ യുടെ പ്രവര്‍ത്തകന്‍ ആയിരുന്ന സുധീഷിനെ പറ്റി പറയുന്നതുകുടി ഇതിനൊപ്പം ചേര്‍ത്തുവായിക്കുന്നത് നന്നായിരിക്കും.

60-70 വെട്ടുകള്‍കൊണ്ട് കീറി മുറിഞ്ഞ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു ജീവന്‍ നഷ്ട്ടപ്പെട്ടത്‌ അമ്മയും അച്ഛനും നിസഹായരായി നോക്കി നില്‍ക്കുമ്പോഴാണ്.ഇപ്പോള്‍ കവിതയെഴുതിയ മിക്കവാറും കവികള്‍ കുടുതല്‍ ഊര്ജസ്വലരായി ജീവിക്കുന്ന കാലമായിരുന്നു.എന്നാല്‍ അവരൊന്നും ഒരു കവിതപോലും എഴുതിയതായി കണ്ടിട്ടില്ല!ഇത്തരത്തിലുള്ള സാംസ്കാരികദ്രുവീകണമാണ് സമുഹത്തെ കുടുതല്‍ ഹിംസാത്മകമാക്കുന്നത്.


ഒരുമാതിരി ചോദ്യങ്ങള്‍,ബി.മുരളി,മാധ്യമം 2012 ജൂലൈ 23

മരിക്കുന്നതെനിക്ക് കാണണ്ട ,പി.രാമന്‍,മാതൃഭുമി2012 ആഗസ്റ്റ്,2-11