Tuesday 7 August 2012

എത്ര കഷ്ണമാക്കി മുറിക്കേണം?

ഒരു കൊലപാതകം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ ഇത്രമേല്‍ പ്രതിസന്ധിയില് ആക്കിയ മറ്റൊരുകാലം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.മാധ്യമങ്ങള്‍ അത് ബുദ്ധിപരമായി ഉപയോഗിച്ചു.മൌനങ്ങളെ അവര്‍വെല്ലുവിളിച്ചു.അതിനാല്‍ തന്നെ ചില്ലുമേടകളിലെ സുപ്പര്‍ സ്റ്റാറുകള്‍ വരെ തെരുവിലിറങ്ങി വിലപിച്ചു.ഒരു പ്രസ്ഥാനത്തിനെതിരായി വിവിധ സാഹിത്യ-കലാരുപങ്ങള്‍ ഉണ്ടായി.അതിന്‍റെ ഭാഗമായാണ് കഥാകൃത്തായ ബി.മുരളിപോലും കവിത എഴുതിയത്!(ഇതിനു മുന്‍പ് മുരളിയുടെതായി ഒരു കവിതപോലും ഈയുള്ളവന്‍വായിച്ചിട്ടില്ല)

കഥയിലെന്നപോലെ കവിതയിലും സ്വന്തമായി ഒരിടം ചേര്‍ക്കാന്‍ മുരളിക്കാവും എന്ന് ഒരുമാതിരി ചോദ്യങ്ങള്‍ എന്ന കവിതയിലുടെ മുരളി തെളിയിക്കുന്നു.ജ്ഞാനപ്പാന,രാമായണം തുടങ്ങിയ കാവ്യങ്ങളിലെ കല്‍പ്പനകളെ അനുയോജ്യമായി പിന്‍പറ്റിയാണ് കവിതയുടെ രചനാശൈലി.

ബാറില്‍ രണ്ടുപേര്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു
മധ്യെയിങ്ങനെ കാണുന്നനേരത്തു
മദ്യപിക്കുന്നതെന്തിനു നാം വൃഥാ? 

എന്നിങ്ങനെയെല്ലാം തുടരുന്ന കവിതയിലെ ആഖ്യാതാക്കളോട് ഇറച്ചിവെട്ടുകാരന്‍ ഇറച്ചി ഫ്രൈക്കാണോ കറിക്കാണോ  എന്ന് ചോദിക്കുമ്പോള്‍

അതെന്നാ വ്യത്യാസം

കത്തിപ്പണി ഒന്നുവേണോ
അതോ അമ്പത്തൊന്നു വേണോ
എന്നെനിക്കറിയണ്ടേ

എന്ന് പറയുന്നിടത്താണ് കവിത സമകാലീന സംഭവവികാസത്തെ പരിഹാസ്യമായി വായിച്ചെടുക്കുന്നത്!

ഇതേ വിഷയം തന്നെ മറ്റൊരു രീതിയില്‍ തന്റെ കവിതയിലുടെ പി.രാമനും അവതരിപ്പിക്കുന്നത്‌ കാണാം മാതൃഭുമിആഴ്ചപ്പതിപ്പിലുടെ.എത്ര പെട്ടെന്നാണ് നമ്മുടെ എഴുത്തുകാര്‍ സാമുഹികതയോട് പ്രതികരിക്കുന്നത്!

മാധ്യമം വാരികയുടെ 2012ആഗസ്റ്റ് ലക്കത്തില്‍ പി.കെ.പോക്കര്‍,എസ്,എഫ്.ഐ യുടെ പ്രവര്‍ത്തകന്‍ ആയിരുന്ന സുധീഷിനെ പറ്റി പറയുന്നതുകുടി ഇതിനൊപ്പം ചേര്‍ത്തുവായിക്കുന്നത് നന്നായിരിക്കും.

60-70 വെട്ടുകള്‍കൊണ്ട് കീറി മുറിഞ്ഞ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു ജീവന്‍ നഷ്ട്ടപ്പെട്ടത്‌ അമ്മയും അച്ഛനും നിസഹായരായി നോക്കി നില്‍ക്കുമ്പോഴാണ്.ഇപ്പോള്‍ കവിതയെഴുതിയ മിക്കവാറും കവികള്‍ കുടുതല്‍ ഊര്ജസ്വലരായി ജീവിക്കുന്ന കാലമായിരുന്നു.എന്നാല്‍ അവരൊന്നും ഒരു കവിതപോലും എഴുതിയതായി കണ്ടിട്ടില്ല!ഇത്തരത്തിലുള്ള സാംസ്കാരികദ്രുവീകണമാണ് സമുഹത്തെ കുടുതല്‍ ഹിംസാത്മകമാക്കുന്നത്.


ഒരുമാതിരി ചോദ്യങ്ങള്‍,ബി.മുരളി,മാധ്യമം 2012 ജൂലൈ 23

മരിക്കുന്നതെനിക്ക് കാണണ്ട ,പി.രാമന്‍,മാതൃഭുമി2012 ആഗസ്റ്റ്,2-11