Friday, 4 December 2015

എഴുത്തെഴുത്ത്: കാമപൂരിത പ്രണയങ്ങള്‍

എഴുത്തെഴുത്ത്: കാമപൂരിത പ്രണയങ്ങള്‍: രാഷ്ട്രിയം കവിതയിലേക്കും കവിത രാക്ഷ്ട്രിയത്തിലേക്കും പാതകള്‍ വെട്ടിത്തുറന്ന എഴുത്ത് ജീവിതത്തിന്റെ ഒരു തലം സിവിക് ചന്ദ്രനുണ്ട്‌ .കൂടുതല്‍ ...

കാമപൂരിത പ്രണയങ്ങള്‍

രാഷ്ട്രിയം കവിതയിലേക്കും കവിത രാക്ഷ്ട്രിയത്തിലേക്കും പാതകള്‍ വെട്ടിത്തുറന്ന എഴുത്ത് ജീവിതത്തിന്റെ ഒരു തലം സിവിക് ചന്ദ്രനുണ്ട്‌.കൂടുതല്‍ ലേഖനങ്ങളും കുറച്ചു കവിതകളും എന്നത് അദേഹത്തിന്റെ രചനാ പന്ഥാവാണ്.എങ്കിലും വല്ലപ്പോഴും എഴുതുന്ന കവിതകളാകട്ടെ കരുത്ത് ഒട്ടും ചോര്‍ന്നുപോകാതെ അതിജീവിക്കുകയും ചെയ്യുന്നു.സുമി വില്യംസിനെ പിന്നെ കണ്ടതേയില്ല എന്ന കവിതയും വ്യെതിരിക്തവും പുതുമയും നിറഞ്ഞ കവിതയാണ്.

അജ്ഞാതരായ രണ്ടു വ്യെക്തികള്‍,പുതിയ കാലത്തിന്‍റെ മാധ്യമമായ ഫൈസ് ബുക്കിലൂടെ ചാറ്റിങ് നടത്തുന്ന രീതിയിലാണ് ഈ കവിത.ആണും പെണ്ണും ആയ രണ്ടുപേരും മധ്യവയസ്കരാണ്.കവിത തുടങ്ങുന്നു
HI....
hey
tks
ഇത്തിരി പിറന്നാള്‍ മധുരം
വെറും TKS പോര
പിന്നെയെന്തുവേണം?
ഒരു Treat
CLT വന്നാല്‍
why not ?
വന്നാല്‍ biriyani 
ഇങ്ങിനെ തുടങ്ങുന്ന കവിത സമകാലിക രാക്ഷ്രിയവും പ്രണയത്തിന്‍റെ പൊയ്മുഖവും അനാവരണം ചെയ്യുന്നു.

ഈ കവിത ,പുതിയ തലമുറയുടെ കമ്യുണിക്കേഷന്‍ ഭാഷയാണ് ഉപയോഗിക്കുന്നത്.അത് ഏറെ പുതുമ നല്‍കുന്നു.പ്രായത്തിന്‍റെ അനുഭവ ഭാഷക്കപ്പുറം പുതിയ കാലത്തോട് ഇണങ്ങാന്‍ ശ്രമിക്കുമ്പോഴും പഴയ സദാചാരബോധം പിന്മടക്കത്തിലേക്ക് നയിക്കുന്ന വെറും രണ്ടുപേര്‍ ആയി മാറുന്നു കമിതാക്കള്‍.

ചൊറിച്ചുമല്ലല്‍ അറിയാമോ?
തല മുട്ടരുത് 
എന്ന ആണ്‍കുറിപ്പിന് മുന്നില്‍ ലജ്ജാവതിയായ കൌമാരക്കാരി ആവുന്നു അങ്ങേത്തലയ്ക്കല്‍.

എന്ത് വേണം ഭവാന്?
ഭവതിടെ ഇഷ്ട്ടം !
പറയു ........
എന്താ തരാന്‍ തോന്നുന്നെ?
എല്ലാം.....

എന്നിങ്ങനെ കവിത ഈ കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു.

                                             (മാതൃഭൂമി ആഴ്ചപ്പതിപ്പ്-28-6-2015)


Sunday, 16 August 2015

പലവഴിക്ക് ഒഴുകുമ്പോള്‍......

എഴുത്ത് ദേശാതിവര്‍ത്തിയായി നിലകൊള്ളുന്നതാണ്.എഴുത്തുകാരെ അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രദേശത്തിന്റെ പ്രതിനിധി മാത്രമായി കരുതുക വയ്യ.എങ്കിലും ഒരു ദേശം,അതുണര്‍ത്തിവിട്ട കലാകാരനില്‍ ഊറ്റം കൊള്ളുക സ്വാഭാവികമാണ്.അതാകട്ടെ ആ കലാകാരനുള്ള അംഗീകാരവുമാണ്.

ശ്രീ.സുരേഷ് കിഴില്ലം എഡിറ്റു ചെയ്ത്,പെരുമ്പാവൂര്‍ ആശാന്‍ സ്മാരക സാഹിത്യ വേദി പ്രസിധീകരിച്ച പലവഴിക്ക് ഒഴുകുന്ന പുഴകള്‍ എന്ന സമാഹാരം പെരുമ്പാവൂരിന്റെ പരിധിക്കുള്ളില്‍ കഴിയുന്ന എഴുത്ത് കാരുടെതാണ്.പെരുമ്പാവൂര്‍ ഇന്നൊരു മുനിസിപ്പാലിറ്റിയാണ്.ആ ഭുപരിധിയാണോ ഇതില്‍ ഉള്‍പ്പെടുന്നതെന്നറിയില്ല.എഴുത്തിന്റെ ചരിത്രം കുറിക്കുംപോഴാകട്ടെ അവരില്‍ ആരും തന്നെ പെരുമ്പാവൂരിന്റെ ദേശപരിധിയില്‍ ഉള്‍പ്പെട്ടവരുമല്ല.അതുകൊണ്ട് ഒരെഴുത്തുകാരനെ കൃത്യമായി ഒരു പ്രദേശത്തിന്റെതായി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.ഈ പരിമിധികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അത് മറികടന്ന് എഴുത്തിന്റെ വഴികളിലെ പുത്തന്‍ നാമ്പുകളെ കേരളത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രസക്തി.ശ്രമകരമായ ഈ ദൌത്യം അഭിനന്ദനാര്‍ഹമാണ്.

എഡിറ്റര്‍ ഉള്‍പ്പെടെ പതിമൂന്ന് എഴുത്തുകാരെയാണ് അവതരിപ്പിക്കുന്നത്‌.സാബ്രദായിക രചനാ രീതിയിലാണ് ഇതിലെ ഏറെ കഥകളും.അവതരണം കൊണ്ട് വ്യെത്യസ്തമായത് രക്ഷാവാതില്‍ തുറന്നാറെ"എന്ന ബാബു ഇരുമലയുടെ കഥയാണ്.പഴയ മല്ലനും മാതേവനും കഥയുടെ പുതിയ ഭാക്ഷ്യം.മികച്ച ക്രാഫ്റ്റാണ് ഇത്.പുത്തന്‍ വായനാനുഭവം ആണ് അത് പങ്കുവയ്ക്കുന്നത്.മഞ്ഞക്കുതിര (മിനി പി.സി) പുതിയ കാലത്തിന്‍റെ ജീവിതാനുഭവങ്ങള്‍ പക്വതയോടെ പകര്‍ത്തി വയ്ക്കുന്നു.മരണവും പ്രണയവും അലൌകികാനുഭൂതിയായി മാറുന്നു.ഒപ്പം ഞെട്ടിപ്പിക്കുന്ന പ്രായോഗിക ജീവിതത്തിന്‍റെ ചോരപ്പാടുകള്‍ ഈ കഥ കാട്ടിത്തരുന്നു.അഡ്വ:ഷാഹിന ആര്‍ എഴുതിയ പതിച്ചി,പരുഷമായ പുരുഷ ലോകത്തെ,പെണ്ണനുഭവങ്ങള്‍ എങ്ങിനെ മറികടക്കുന്നുവെന്നു അടയാളപ്പെടുത്തുന്നു.ഉടലിന്‍റെ സാധ്യതകളെ അന്വേഷിക്കുന്നു.ഈ കഥയുടെ വിപരീതാനുഭവമാണ് ,രാജേന്ദ്രന്‍ കര്‍ത്തയുടെ പരിണാമം.ആണിന്‍റെ ഉടല്‍ ആഗ്രഹങ്ങളെ അത് പരിശോധിക്കുന്നു.വ്യെക്തിഗതമായ വീക്ഷണത്തിലൂടെ,പ്രത്യയശാസ്ത്ര ഭാരമില്ലാതെ അവതരിപ്പിക്കപ്പെട്ടതുകൊണ്ടാവാം ഈ കഥകള്‍  ആകര്‍ഷകവും ആത്മസമര്‍പ്പണവും ആയത്.

സുരേഷ് കീഴില്ലത്തിന്റെ കഥ,പീറ്റര്‍ ദി ഗ്രേറ്റ് റിയലിസത്തിന്റെ രചനാ ചാതുരിയില്‍,വര്‍ത്തമാന കാലത്തിന്‍റെ പുരുഷ ധാര്‍ഷ്ട്യം പകര്‍ത്തിവയ്ക്കുന്നു.കാലം മനുഷ്യ ജിവിതത്തില്‍ കോറുന്ന ചാലുകളെ അനുസ്മരിപ്പിക്കുന്നു.കടാതി ഷാജിയുടെ മായക്കാഴ്ചകള്‍ കൈവിട്ടുപോയ ഒരു രചനയായി തോന്നി.

ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് കല.എന്നാല്‍ അത് അതേപടി പകര്‍ത്തി വയ്ക്കലല്ല.എഴുത്തിനും ഇത് ബാധകമാണ്.മൂന്നാം കണ്‍കാഴ്ചയായി അത് മാറണം.അല്ലെങ്കില്‍ കഥ, കേവലം വിവരണമോ,ആഖ്യാനമോ,അവതരണമോ മാത്രമായി ഒടുങ്ങും.ഈ ഒരു പരിമിതി മറ്റു കഥകള്‍ക്കുണ്ട്.എങ്കിലും എഴുത്തിന്റെ കരുത്ത് അവയില്‍ ഒളിഞ്ഞിരിപ്പുണ്ട്.കഴിയുന്നതെല്ലാം എഴുതലല്ല,കഴിയാവുന്നിടത്തോളം എഴുതാതിരിക്കലാണ് എഴുത്ത്.പരത്തിപ്പറയുന്നതിനെക്കാള്‍ ഒതുക്കി പറയലാണ് അഭികാമ്യം.
  
                                                                 0000000000000000


Thursday, 9 July 2015

സുര്‍ജിത്ത് എഴുതുമ്പോള്‍....അഥവാ സുര്‍ജിത്തിനെ എഴുതുമ്പോള്‍.............


ഹൈക്കു കവിതകള്‍ ജപ്പാന്‍റെ സംഭാവനയാണ്.അതീന്ദ്രിയധ്യാനത്തിന്റെ മാസ്മരികതയായി,ജീവിതത്തെ ഒരു കൊച്ചു ചിമിഴിലൊതുക്കി ആ രചനാ രീതി നമ്മെ വിസ്മയിപ്പിക്കുന്നു മലയാളത്തിലും ഇത്തരം കവിതകള്‍ പിറവിയെടുക്കുന്നുവെങ്കിലും അവ എകഭാവത്തിന്റെ സ്ഫുരണങ്ങള്‍ മാത്രമായി മാറുന്നു.ഈ നിലയില്‍ സുര്‍ജിത്തിന്‍റെ കൊച്ചു കവിതകള്‍ പരിശോധിച്ചാല്‍ അവ വ്യെത്യസ്ത്തമാണെന്ന് കാണാം.
                                                                          


 ആ വ്യെത്യസ്തത ശൈലിയിലല്ല,മറിച്ച് കവിതയുടെ അകപ്പൊരുളിലാണ്.
സാമൂഹികതയാണ് ഈ അകം.സുക്ഷ്മ രാഷ്ട്രീയമാണ് കാതല്‍.ചിരപരിചിത പദാര്‍ഥങ്ങളെ,ബിംബാത്മകമാക്കി,സാമൂഹികമാനങ്ങളെസുര്‍ജിത്ത്അവതരിപ്പിക്കുന്നു.വൈകാരികതയെ ക്കുന്നു.                                                                                
                                                                                                     

ഓരോ കാഴ്ചയും വ്യെത്യസ്ത്തമായി വ്യെവഹരിക്കൂന്നു.അപ്പോള്‍ അത് പറയാതെ പറയുന്ന വാക്കുകളുടെ ഗഹനീയത ബോധ്യപ്പെടുത്തുന്നു.
 പരിഭവങ്ങളും പരിഹാസ്യതകളും അവതരിപ്പിക്കപ്പെടുന്നു.
                                                                             
 തലകുത്തിനിന്നു ലോകം നോക്കിക്കാണുന്ന മാനസ സഞ്ചാരിയുടെ നേര്‍ത്ത പുഞ്ചിരി സുര്‍ജിത്തിന്‍റെ കവിതകളില്‍ കാണാം.അണ പൊട്ടിയൊഴുകുന്ന വികാര വിസ്ഫോടനമല്ല,അകം നിറഞ്ഞ ജ്ഞാന സംയമനമാണ് ഇദ്ദേഹത്തിന്റെ കവിതകള്‍.
                                                                                                                                                                                                                                                                         
പാഞ്ഞു പോകുന്ന ലോകത്തിനു മുന്നില്‍ പരത്തി പറയുകയല്ല,പതിയെ പറയുകയാണ്‌ സുര്‍ജിത്ത്.