Monday 18 February 2013

ആണ്‍ പകിട,പെണ്‍ കരുക്കള്‍


പകിടകളി ഒരു സാധ്യത മാത്രമാണ്,നിയതമല്ലാത്ത ഒരു പരീക്ഷണം!അഞ്ച്‌ ആണുങ്ങള്‍ കാവലാളുകളായി ചുറ്റുമുണ്ടായിരുന്നിട്ടും മഹാഭാരതത്തിലെ പാഞ്ചാലിക്ക് ഒരു കളിയുടെ പേരില്‍ എല്ലാം നഷ്ട്ടമായി.പുരുഷത്വം അടിമത്തമായി.പെണ്ണ് വെറും ഒരു പണയവസ്തുവായി!

ആധുനിക യുഗവും ഇതില്‍ നിന്നും വ്യെത്യസ്തമല്ല.ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ ദുരന്തത്തെ അധികരിച്ച് ബിന്ദു കൃഷ്ണന്‍ എഴുതിയ പകിട എന്ന കവിത അത്തരമൊരു വായനയാണ്.

പ്രണയത്തിന്‍റെ നൈര്‍മല്ല്യതകളും നഷ്ടപ്പെടലുകളും കവിതയില്‍ ആവിഷ്കരിക്കാറുള്ള ബിന്ദു,കാമാര്‍ത്തിയുടെ കടന്നാക്രമണങ്ങളെ തീവ്രമായിട്ടാണ് ഈ കവിതയില്‍ അവതരിപ്പിക്കുന്നത്‌.ഇത് സമകാലീനപ്രസക്തം മാത്രമല്ല,കാലാതിതവുമാണ്.

പെണ്‍ജീവിതത്തിന്‍റെ അരക്ഷിതാവസ്ഥ ഭയാനകമായിട്ടാണ് ഈ കവിതയില്‍ അവതരിപ്പിക്കപ്പെടുന്നത്.പെണ്‍ ജീവിതാനുഭവങ്ങളെ,ഒരു പെണ്ണിനല്ലാതെ മറ്റാര്‍ക്ക് ഇത്രമേല്‍ തിവ്രമായി അവതരിപ്പിക്കാന്‍ കഴിയും?ഇതൊരു വിലാപ ഗാനമല്ല.സമത്വജീവിതാഗ്രഹത്തിന്‍റെ നേര്‍ചിത്രമാണ്
 
   ബിന്ദു കൃഷ്ണന്‍

ആണത്വം ആക്രമണത്തിലല്ല,കാമത്തില്‍പോലുമല്ല.
പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ,സൌഹൃദത്തിന്‍റെ സാധ്യതകളിലാണ്.


Saturday 2 February 2013

എല്ലാ പാടവും കാലടിപ്പാടം ആകുമ്പോള്‍

കേരളം അടുത്ത തലമുറക്കാലത്ത് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തം വെള്ളമില്ലായ്മയുടെത് ആയിരിക്കും.അത്രയേറെ പാരിസ്ഥിതിക വെല്ലുവിളികളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.എന്നാല്‍ ഇതിനെപറ്റി ആശങ്കയുള്ള ഭരണകുടമോ,ജനങ്ങളോ പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ്.ആഗോളമുലധനവും പണക്കൊഴുപ്പും നാടന്‍ മുതലാളിത്തവും എല്ലാവരെയും നിശബ്ധരാക്കുന്നു.കുടിവെള്ളം മുട്ടുമ്പോള്‍ മാത്രം കുടമെടുത്തു പ്രതിഷേധിക്കുന്ന,ഇതിന്‍റെ അടിസ്ഥാനകാരണങ്ങളോട് പ്രതികരിക്കാത്ത ജനതയായി തീര്‍ന്നിരിക്കുന്നു നാം.അതുകൊണ്ട് തന്നെ സാഹിത്യത്തില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ അപുര്‍വമായെ കടന്നു വരുന്നുള്ളൂ.അതും ചിലപ്പോള്‍ മടുപ്പിക്കുന്ന നോല്‍സ്ടാല്ജിയായും!
സുരേഷ് മൂക്കന്നൂര്‍ എഴുതിയ കാലടിപ്പാടം ശ്രധ്യേയമാകുന്നത്                             അതുകൊണ്ടാണ്.

നിങ്ങള്‍  വയലില്‍ നിലാവത്ത് 
സല്ലാപമേളം നടത്തിടുമ്പോള്‍
 മണ്ണിന്നടിയില്‍ കിടന്നു പാടം
വിങ്ങിക്കരയും കരച്ചില്‍ കേള്‍ക്കാം 

എന്നുതുടങ്ങുന്ന കവിത മലയാളിയുടെ സംസ്കാരവും ജീവിത പരിണാമങ്ങളും പരിശോധിക്കുന്നുണ്ട്.എന്നാല്‍ ഈ കവിത കേവല പരിസ്ഥിതി വിലാപമായി ഒടുങ്ങുന്നില്ല എന്നതാണ് ഈ കവിതയെ വ്യെത്യസ്തമാക്കുന്നത്.ദേവഭാഷയെന്നു കേളികേട്ട സംസ്കൃതത്തിന്‍റെ സമകാലീന അവസ്ഥയെ പരിഹസിക്കയും ചെയ്യുന്നു.ഒരിക്കല്‍ കാലടിയെന്ന പ്രദേശത്തെ ജീവിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്ത നെല്‍വയലുകള്‍ മുഴുവന്‍ നിരത്തി പണിതുയര്‍ത്തിയിരിക്കുന്ന സംസ്കൃതസര്‍വകലാശാലയെ വ്യെംഗ്യമായി സുചിപ്പിക്കുകയും ചെയ്തിരിക്കുന്നു!

മുന്നാം കാലടികൊണ്ട് മലയാളം മുടിച്ച മാവേലിയുടെ ആധുനിക രൂപമായി ബുല്‍ഡോസറുകള്‍ കേരളത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോള്‍, ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്.സുരേഷ് മൂക്കന്നൂരിന്‍റെ ആദ്യകാല കവിതകളുടെ കരുത്ത്‌ ഈ കവിത വെളിവാക്കുന്നുണ്ട്.കുടുതല്‍ പടപ്പാട്ടുകള്‍ എഴുതുന്നത്‌ വിട്ട് കവിതയില്‍ ഇതേപോലെ ധ്യാനങ്ങള്‍ അനുഷ്ട്ടിക്കുമെങ്ങില്‍ ഇത്തരം കരുത്തുള്ള കവിതകള്‍ അദ്യേഹത്തിനു ഇനിയും എഴുതാനാവും.  

കാലടിപ്പാടം-സുരേഷ് മുക്കന്നൂര്‍-ഗ്രന്ഥലോകം,ജനുവരി 2013