Thursday 10 January 2013

മറ്റേതില്ലാത്ത മാപ്ലമാര്‍....

പ്ലമേനമ്മായിയുടെ മാപ്ല അന്തോന്ന്യാപ്ല
തൊടുപുഴ പള്ളിയിലെ ദര്‍ശനക്കാരനായിരുന്നു.

കെ.ആര്‍.ടോണിയുടെ ദര്‍ശനം എന്ന കവിത തുടങ്ങുന്നത് ഇങ്ങിനെയാണ്.ആത്മീയ ജീവിതവും ഭൌതിക യാഥാര്‍ത്ഥ്യവും മനുഷ്യനില്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ കവിത പരിശോധിക്കുന്നു.ദിവസവും പള്ളിയില്‍ പോകുന്നവര്‍,തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കും വിധം മാത്രം ജീവിക്കുന്നവര്‍,അവരെല്ലാം സമുഹത്തിന്റെ കാഴ്ചയില്‍ നല്ലവരായിരിക്കാം.എന്നാല്‍ കുടുംബത്തില്‍ അവരെങ്ങിനെ എന്നതിന്‍റെ സത്യം ഈ കവിത കാട്ടിത്തരുന്നു.ഒപ്പം പള്ളിയുടെ ആത്മീയ ശൂന്യതയെ ഇങ്ങിനെ പരിഹസിക്കുകയും ചെയ്യുന്നു കവിത:
നൂറായിപിരിഞ്ഞ സഭയുടെ 
അവാന്തരവിഭാഗങ്ങളെപ്പറ്റി
ഒരു ക്രിസ്ത്യാനിക്കെന്തറിയാം!
എന്തിനറിയണം!
അച്ചന്‍ പറഞ്ഞപടി ചെയ്താല്‍
ദര്‍ശനക്കാരനാവാം,
സ്വര്‍ഗ്ഗത്തിലും പോകാം!

നര്‍മ്മം ചാലിച്ച് കവിത രചിക്കുന്നതില്‍ ചാതുര്യം ഉള്ള കവിയാണ് ടോണി.(ചിലതെല്ലാം തികഞ്ഞ അരാഷ്ട്രീയതയാണെങ്കിലും)പരത്തിപറയുന്ന പതിവില്‍ നിന്നും ഈ കവിത കയ്യൊതുക്കം കാണിക്കുന്നു.ആത്മീയതയുടെ പൊള്ളത്തരം കവിതയില്‍ അവസാനിക്കുന്നിടത്ത് ഇങ്ങിനെ കുറിക്കുന്നു കവി:

പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ 
സ്വന്തം മാപ്ലയെപ്പറ്റി അമ്മായി പറയാറുള്ളത്
"ഒരു ചുക്കിനും ചുണ്ണാമ്പിനും 
കൊള്ളാത്ത മനുഷ്യന്‍"
എന്നായിരുന്നു!
ദര്‍ശനം-പച്ചക്കുതിര-ഡിസംബര്‍-2012