Friday, 28 December 2012

എന്‍ട്രി

രാഷ്ട്രീയത്തിന്‍റെ ഉള്ളടരുകളെ  
സുക്ഷ്മമായി കവിതയില്‍ ആവിഷ്ക്കരിക്കുന്ന
 അപുര്‍വം പുതുകവികളില്‍ ഒരാളാണ്
 ബിജു .കാഞ്ഞങ്ങാട്

എന്‍ട്രി (ഹരിതവിപ്ലത്തിന്)അത്തരമൊരു കവിതയാണ്.
നാം കൊട്ടിഘോഷിച്ച ഹരിതവിപ്ലവ പദ്ധതി
ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്നു എല്ലാവര്ക്കും അറിയാം.
(ഭരണ ദല്ലാളന്മാക്കൊഴികെ)
വയലുകള്‍,കാര്ഷികസംസ്കാരം എല്ലാം ഇല്ലാതായി!
ജീവിവര്‍ഗങ്ങള്‍ പലതും അന്യംനിന്നു.
മണ്ണ് മരണമായി.

വയലില്‍വച്ചു
തുള്ളന്‍ വന്യമായി ക്ഷോഭിച്ച്
കലഹിച്ച്
മരണത്തെ
അര്‍ദ്ധബോധാവസ്ഥയിലാക്കി.
മരണത്തിലേക്ക്  കുപ്പുകുത്തുന്ന സമുഹത്തെ കവി ഇങ്ങിനെയാണ് അടയാളപ്പെടുത്തുന്നത്.

കവിതയെ. പരിസ്ഥിതികവിത എന്നൊക്കെ ഇനി വേറിട്ട്‌ വിളിക്കേണ്ടതില്ല,
എല്ലാംമനുഷ്യജീവിതത്തിന്‍റെഭാഗമാകുകയാല്‍.

മാധ്യമംവാരിക -2012 ഡിസംബര്‍ 21

Friday, 26 October 2012

ജീവിതം ഒരു തുടര്ച്ചയോ??
ഓരോ മനുഷ്യജീവിതവും
 മറ്റൊന്നിന്‍റെ തുടര്‍ച്ചയോ,അനുകരണമോ ആയി തോന്നാം. 
എന്നാല്‍  ഓരോന്നും വ്യെത്യസ്തവും അനുകരണാത്മകമല്ലാത്തതുമാണ്.

മനുഷ്യജീവിതം സാധ്യമാക്കുന്നതാണ് സര്‍ഗാത്മകതയും എന്നതിനാല്‍ ജീവിത വഴികളില്‍ നിന്ന് അതും വ്യെത്യെസ്തമാകുന്നില്ല!
 
ബിന്ദുകൃഷ്ണന്‍റെ തുടര്‍ച്ച എന്ന കവിതയുടെ വായനാനുഭവം ആദ്യം പങ്കുവച്ചതു ഈ വിചാരമാണ്‌.
 
ചരിത്രത്തിന്‍റെ ഇത്തരം തുടര്ച്ചകളെ ബിന്ദു അടയാളപ്പെടുത്തുന്നത് ലിഫ്റ്റില്‍ യാത്ര ചെയ്യുന്ന മനുഷ്യരോട് ഉപമിച്ചുകൊണ്ടാണ്.
 
ലിഫ്ടിലെ യാത്ര
ഒരുതുടര്ച്ചയാണ്
 
എന്ന് കവിത തുടങ്ങുമ്പോള്‍ മുന്‍പേ കടന്നുപോയ കാല്പാടുകളുടെ വിവിധ സാംഗത്യങ്ങള്‍ ബിന്ദു ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പല വിചാരങ്ങളിലുടെ കടന്നുപോയവര്‍,
സുഗന്ധവും ദുര്‍ഗന്ധവും ഉള്ളവര്‍,
കുട്ടത്തില്‍ നില്‍ക്കുമ്പോഴും ഒറ്റപ്പെട്ടുപോയവര്‍ (ഇത്തരം ഒറ്റപ്പെടലിന്‍റെ വ്യെഥ ബിന്ദുവിന്റെ ഒത്തിരി കവിതകളില്‍ സുചിപ്പിക്കപെടുന്നുണ്ട്! )
 
കവിതയും ഇതുപോലെ ഒരു തുടര്‍ച്ചയാനെന്നു ബിന്ദു പറയുന്നു!
കവിത ഒന്നെങ്കിലും അതിന്റെ രചനാവഴികളും കാഴ്ചയും പലതാണ്.
എഴുത്തും എഴുത്തുകാരും മാത്രമല്ല വായനയും വായനക്കാരും പ്രസക്തമാണെന്നും ബിന്ദു തിരിച്ചറിയുന്നു.
അതുകൊണ്ടാണ് ബിന്ദു കവിത ഇങ്ങിനെ അവസാനിപ്പിക്കുന്നത്
 
പേനയെടുത്ത കൈകള്‍
ഒറ്റപ്പെട്ടപ്പോള്‍
പുസ്തകമെടുത്ത കൈകളെ
മേല്ലെതൊടും
വന്കരകള്‍ക്കപ്പുറത്തുനിന്നു
യുഗങ്ങല്ള്‍ക്കപ്പുറത്തുനിന്നു
 

Tuesday, 11 September 2012

കാവ്യാമാധവനെ കാളിദാസനാക്കുമ്പോള്‍

മാധ്യമം വാരിക(2012 സെപ്റ്റംബര്10‍)യില്‍ ദീദി ദാമോരന്‍ കാവ്യാമാധവന്റെ കവിതകളെ വാനോളം പുകഴ്ത്തി ഒരു ലേഖനം എഴുതിയിട്ടുണ്ടെ.
ആധുനിക ചിന്താധാരയും ഫെമിനിസവും മേമ്പൊടിയായിഉണ്ട്!കലിതാളം,തന്റെടത്തിന്റെ മുദ്രകള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍! why this kolavary യെ പരിഹസിച്ച ഓ.എന്‍.വി.അടക്കം
പുസ്തക പ്രകാശനത്തിനു പങ്കെടുത്തുവത്രെ!
(കൊലവറി ക്ക് കിട്ടിയ സ്വീകാര്യത മഹാകവിയുടെ മൊത്തം കവിതകള്‍ക്ക്‌ കിട്ടിയിട്ടുണ്ടോ ആവോ?)
കാവ്യയുടെ കവിതകള്‍ നിര്‍ഭാഗ്യവശാല്‍ ഈയുള്ളവന്‍ വായിച്ചിട്ടില്ല.ലേഖനത്തില്‍ ഉദാഹരണമായി കൊടുത്തിട്ടുള്ള വരികളില്‍
ഒരു പത്തു വയസുകാരിയുടെ കവിതക്കപ്പുറമുള്ള എന്തെങ്കിലും കാവ്യാത്മകത തോന്നിയതുമില്ല.
ഇതിപ്പോള്‍ അമൃത ചാനലിലെ സമാഗമം പോലെയാണ്.
മുഖാമുഖം കണ്ടിരുന്നുള്ള പുകഴ്ത്തല്‍.
അതിനു നിലവാരമുള്ള ഒരു വാരികയുടെ അഞ്ചു പേജാണ്‌ കളഞ്ഞത്!
ഈ ലേഖനത്തോട് ചേര്‍ന്നുള്ള പേജില്‍,
കാമ്പസ്‌ കവിതകള്‍ എന്ന പേരില്‍ ചൈത്ര എന്ന ഒരു കുട്ടിയുടെ കവിതയുണ്ട്.
അതിന്‍റെഏഴയലത്ത് പോലും വരുമോ
കാവ്യയുടെ ഏതെങ്ങിലും ഒരു കവിത!
സാഹിത്യം ഇത്രമേല്‍ അധപ്പതിക്കണോ?
പൊങ്ങച്ചം പറച്ചിലിന്റെ കാലം അവസാനിച്ചെന്ന്‌ ഇത്തരം എഴുത്തുകാര്‍ ‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നോ?
 

Tuesday, 7 August 2012

എത്ര കഷ്ണമാക്കി മുറിക്കേണം?

ഒരു കൊലപാതകം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ ഇത്രമേല്‍ പ്രതിസന്ധിയില് ആക്കിയ മറ്റൊരുകാലം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.മാധ്യമങ്ങള്‍ അത് ബുദ്ധിപരമായി ഉപയോഗിച്ചു.മൌനങ്ങളെ അവര്‍വെല്ലുവിളിച്ചു.അതിനാല്‍ തന്നെ ചില്ലുമേടകളിലെ സുപ്പര്‍ സ്റ്റാറുകള്‍ വരെ തെരുവിലിറങ്ങി വിലപിച്ചു.ഒരു പ്രസ്ഥാനത്തിനെതിരായി വിവിധ സാഹിത്യ-കലാരുപങ്ങള്‍ ഉണ്ടായി.അതിന്‍റെ ഭാഗമായാണ് കഥാകൃത്തായ ബി.മുരളിപോലും കവിത എഴുതിയത്!(ഇതിനു മുന്‍പ് മുരളിയുടെതായി ഒരു കവിതപോലും ഈയുള്ളവന്‍വായിച്ചിട്ടില്ല)

കഥയിലെന്നപോലെ കവിതയിലും സ്വന്തമായി ഒരിടം ചേര്‍ക്കാന്‍ മുരളിക്കാവും എന്ന് ഒരുമാതിരി ചോദ്യങ്ങള്‍ എന്ന കവിതയിലുടെ മുരളി തെളിയിക്കുന്നു.ജ്ഞാനപ്പാന,രാമായണം തുടങ്ങിയ കാവ്യങ്ങളിലെ കല്‍പ്പനകളെ അനുയോജ്യമായി പിന്‍പറ്റിയാണ് കവിതയുടെ രചനാശൈലി.

ബാറില്‍ രണ്ടുപേര്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു
മധ്യെയിങ്ങനെ കാണുന്നനേരത്തു
മദ്യപിക്കുന്നതെന്തിനു നാം വൃഥാ? 

എന്നിങ്ങനെയെല്ലാം തുടരുന്ന കവിതയിലെ ആഖ്യാതാക്കളോട് ഇറച്ചിവെട്ടുകാരന്‍ ഇറച്ചി ഫ്രൈക്കാണോ കറിക്കാണോ  എന്ന് ചോദിക്കുമ്പോള്‍

അതെന്നാ വ്യത്യാസം

കത്തിപ്പണി ഒന്നുവേണോ
അതോ അമ്പത്തൊന്നു വേണോ
എന്നെനിക്കറിയണ്ടേ

എന്ന് പറയുന്നിടത്താണ് കവിത സമകാലീന സംഭവവികാസത്തെ പരിഹാസ്യമായി വായിച്ചെടുക്കുന്നത്!

ഇതേ വിഷയം തന്നെ മറ്റൊരു രീതിയില്‍ തന്റെ കവിതയിലുടെ പി.രാമനും അവതരിപ്പിക്കുന്നത്‌ കാണാം മാതൃഭുമിആഴ്ചപ്പതിപ്പിലുടെ.എത്ര പെട്ടെന്നാണ് നമ്മുടെ എഴുത്തുകാര്‍ സാമുഹികതയോട് പ്രതികരിക്കുന്നത്!

മാധ്യമം വാരികയുടെ 2012ആഗസ്റ്റ് ലക്കത്തില്‍ പി.കെ.പോക്കര്‍,എസ്,എഫ്.ഐ യുടെ പ്രവര്‍ത്തകന്‍ ആയിരുന്ന സുധീഷിനെ പറ്റി പറയുന്നതുകുടി ഇതിനൊപ്പം ചേര്‍ത്തുവായിക്കുന്നത് നന്നായിരിക്കും.

60-70 വെട്ടുകള്‍കൊണ്ട് കീറി മുറിഞ്ഞ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു ജീവന്‍ നഷ്ട്ടപ്പെട്ടത്‌ അമ്മയും അച്ഛനും നിസഹായരായി നോക്കി നില്‍ക്കുമ്പോഴാണ്.ഇപ്പോള്‍ കവിതയെഴുതിയ മിക്കവാറും കവികള്‍ കുടുതല്‍ ഊര്ജസ്വലരായി ജീവിക്കുന്ന കാലമായിരുന്നു.എന്നാല്‍ അവരൊന്നും ഒരു കവിതപോലും എഴുതിയതായി കണ്ടിട്ടില്ല!ഇത്തരത്തിലുള്ള സാംസ്കാരികദ്രുവീകണമാണ് സമുഹത്തെ കുടുതല്‍ ഹിംസാത്മകമാക്കുന്നത്.


ഒരുമാതിരി ചോദ്യങ്ങള്‍,ബി.മുരളി,മാധ്യമം 2012 ജൂലൈ 23

മരിക്കുന്നതെനിക്ക് കാണണ്ട ,പി.രാമന്‍,മാതൃഭുമി2012 ആഗസ്റ്റ്,2-11
Sunday, 29 July 2012

ഇനിയും നിനക്ക് പറയാതിരിക്കാനാവുമോ?

സ്വച്ന്ദഛമായി ഒഴുകുമ്പോഴും സ്വാതന്ര്യത്തിന്റെ അനന്തവിഹായസിലേക്ക് പറന്നുയരാന്‍ ശ്രമിക്കുന്ന
 ഒരു ജീവിതാഭിലാഷം
എന്നും ഉള്‍ത്തുടിപ്പാര്‍‍ന്നു പരിലസിക്കുന്നുണ്ട്
ബിന്ടുവിറെ കവിതകളുടെ അകമിടങ്ങളില്‍
എന്ന് തോന്നും.
പ്രണയവും കിനാക്കളും
 ജീവിതത്തിന്‍റെ പ്രായോഗികവഴികളില്‍ പുത്തുനില്‍ക്കുന്നത് കാണാം.അതുകൊണ്ട് തന്നെ
ഒരു വസന്തകാലസുഗന്ധം പകരുന്നു ഇയാളുടെ പല കവിതകളും.

ജീവിതത്തിന്‍റെ രണ്ടു ദര്‍ശനങ്ങളെ,
രണ്ടു വിധത്തില്‍
 സ്വന്തം കവിതകളിലൂടെ പിന്തുടരുന്നുണ്ട് ഇയാള്‍.
അതിലൊന്ന് പെണ്ണിടങ്ങളെ അടയാളപ്പെടുത്തലാണ്.അവിടെ ബിന്ദു സുഷ്മദൃക്കും ന്യായാധിപയും ആയി മാറുന്നത് കാണാം.
കേവല മുദ്രാവാക്യങ്ങള്‍ക്ക് അപ്പുറം പെണ്ണവസ്തകളെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്നു ഇയാള്‍.
 വെറും മകള്‍,ദൈവത്തിന്റെ സ്വന്തം തുടങ്ങി നിരവധി കവിതകള്‍ ഉദാഹരണമായുണ്ട്.

രണ്ടാമത്തെ വഴി വൈകാരികവും തെളിമയാര്‍ന്നതുമാണ്.
ഒപ്പം നിശബ്ദവും സൌന്ദര്യാത്മകവും ആകുന്നു.
പ്രണയത്തിന്‍റെ തുവല്‍ സ്പര്‍ശം അതിലുണ്ടാവും.
വായനക്കാരെ പൊടുന്നനെ പ്രണയത്തിലേക്കും ജീവിതനൈര്‍മല്യതയിലെക്കും അത്തരം കവിതകള്‍ ആനയിക്കുന്നതായി കാണാം.
ചിത്രശലഭങ്ങള്‍ മരിക്കും വിധം അത്തരമൊരു കവിതയാണ്.

ജീവിതത്തിന്‍റെ കാഠിന്യമാര്‍ന്ന പുറം തോടുകള്‍‍ക്കകത്ത്
 ആരും തിരിച്ച റിയാതെ ഒടുങ്ങി തീരുന്ന സ്നേഹവായ്പ്പിനെ
 ഒരു ശ ലഭത്തിന്റെ ജീവിതാവസ്ഥകളുമായി താരതമ്യം ചെയ്ത് അവതരിപ്പിക്കപ്പെടുന്ന ഈ കവിത,നിഷേധിക്കപ്പെടുന്ന പ്രണയത്തിന്റെ മറ്റൊരു വായനയാണ്.
ഒരുപക്ഷെ ബിന്ദുകൃഷ്ണന്‍ എന്ന കവിക്കുമാത്രം സാധിക്കുന്ന
 വായന!

പ്രണയവും ജീവിതവും പ്രകൃതിയും
പരസ്പര പുരകവും ലയിക്കലും ആണെന്ന്
ഈ കവിത പറയുന്നു.
പ്രകൃതിയുടെ/പ്രണയത്തിന്‍റെ ലയങ്ങള്‍
അവഗണിക്കാന്‍ ആര്‍ക്കുമാവില്ല.അത് കീഴടങ്ങലല്ല.
പരസ്പരമുള്ള വീണ്ടെടുക്കലുകലാണ്.
       
 ഇനി നിനക്ക് പറയാനാവില്ല         
 ഇല്ലാതാകലുകളെകുറിച്ച്

എന്ന് ബിന്ദു എഴുതുന്നതും(എഴുതിക്കൊണ്ടിരിക്കുന്നതും)അതുകൊണ്ടാണ്.
         

തോര്‍ച്ച മാസിക-ജൂണ്‍,ജൂലൈ 2012


Wednesday, 2 May 2012

22,ഫീമെയിലിലെ ടെസ്സയ്ക്ക്,സിറില്‍ എഴുതുമ്പോള്‍

സാഹിത്യത്തില്‍ നിന്നും സിനിമ ഉടലെക്കുന്നതിനു സിനിമയുടെ ആരംഭചരിത്രത്തോളം തന്നെ പഴക്കമുണ്ട്.എന്നാല്‍ സിനിമയില്‍ നിന്നും സാഹിത്യസൃഷ്ടി ഉണ്ടാകുന്നത് അപുര്‍വമാണ്,പ്രത്യേകിച്ചും മലയാളത്തില്‍.കാഴ്ചകളും അനുഭവങ്ങളും ചിത്രങ്ങളും സിനിമകളും ഒക്കെത്തന്നെ എഴുത്തുകാരെ സ്വാധീനിക്കുന്നു.അതിന്‍റെ പ്രചോദനം കഥയോ,കവിതയോ,നോവലോ ഒക്കെ ആയി പിറന്നെന്നു വരാം.എന്നാല്‍ ഒരു സിനിമയുടെ ഉള്ളടക്കത്തിനു ഒരു മറുകുറിപ്പായി,ഒരു കഥാപാത്രത്തിനു പ്രതി കഥാപാത്രത്തിന്‍റെ പുനര്‍വായനയായി ഒരുകവിത മലയാളത്തില്‍ ഉണ്ടായത് ആദ്യ സാഹിത്യാനുഭവം ആണെന്ന് തോന്നുന്നു.ആഷിക്അബുവിന്‍റെ 22,ഫീമെയില്‍ കോട്ടയം എന്ന സിനിമയെ അധികരിച്ച് രചിക്കപ്പെട്ട ആര്‍.വേണുഗോപാലിന്‍റെ ടെസ്സമോളെ,ഇത് സിറിലാ..എന്ന കവിത ഇതിന്‍റെ നിദര്‍ശനമാണ്.അതും ഒരു സിനിമ ഇറങ്ങിയ ഉടന്‍തന്നെ!
പോളിഷ് സംവിധായകനായ france de pena യുടെ your name is justin എന്ന സിനിമയുടെ വിദൂരഅനുകരണമാണ് ആഷിക്അബുവിന്‍റെ 22,ഫീമൈല്‍ കോട്ടയം.(ആഷിക് ഇതിനെ inspiretion എന്നുതന്നെ വിളിച്ചോട്ടെ )  mario എന്ന ( anna ciesslak) പെണ്‍കുട്ടി വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെടുന്നതും ഒടുവില്‍ അവള്‍ പ്രതികാരദാഹിയായി മാറുന്നതുമാണ്‌ പ്രസ്തുത സിനിമ.അതിന്‍റെ കേരളീയപരിസരാവിഷ്ക്കരമാണ് ആഷിക്കിന്‍റെ സിനിമ.കേരളത്തിന്‍റെ മാറുന്ന സാംസ്കാരികജീവിതത്തിലേക്കും വര്‍ത്തമാനകാല സ്ത്രീ ജീവിതത്തിലേക്കും സര്‍ഗാത്മകമായി കടക്കാന്‍ ആഷിക്കിന് ആയി എസിരിളില്‍ ന്നതാണ് ഈ സിനിമയുടെ വിജയം.

ഫീമെയിലിലെ നായികയായ ടെസ്സ(റീമ കല്ലിങ്കല്‍)വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപെടുകയല്ല,ലൈംഗിക ചുഷണത്തിനു പലവട്ടം വിധേയമാക്കപ്പെടുകയാണ്.പ്രണയിക്കുന്ന പുരുഷന്‍ തന്നെ ചതിക്കുമ്പോള്‍ അവളും പ്രതികാരദുര്‍ഗയായി മാറുകയും കാമുകനെ ലിംഗ ഛെദനം നടത്തി കാനഡയിലെക്ക് യാത്രയാവുന്നിടത്ത് സിനിമ അവസാനിക്കുന്നു.ഇപ്രകാരം കാനഡയിലേക്ക് പോയ ടെസ്സയ്ക്ക്,കാമുകനായിരുന്ന സിറില്‍ കത്തെഴുതുന്ന രീതിയിലാണ് ആര്‍.വേണുഗോപാലിന്‍റെ കവിത.
മലയാളസിനിമ പുരുഷ കേന്ദ്രീകൃതമാണ്‌ എന്നതിന് ഒരു മറുപടിയാണ് ആഷിക്കിന്‍റെ സിനിമ എങ്കിലും,പുരുഷത്വവും അവന്‍റെ കൌശലതകളും ലിംഗഛെദം കൊണ്ട് അവസാനിക്കുന്നില്ലെന്നാണ് ഈ കവിത പറയുന്നത്.ടെസ്സയെ ചതിച്ചതോ,ചൂഷണം ചെയ്തതോ യാതൊരുവിധ കുറ്റബോധവും കവിതയിലെ സിറിലില്‍ ഉണ്ടാക്കുന്നില്ല.സാഡിസം ഒരു സ്വഭാവമായി അവനില്‍ തുടരുകതന്നെയാണ്.അതുകൊണ്ടാണ്‌ സിറില്‍ ടെസ്സക്ക് ഇങ്ങിനെ എഴുതുന്നത്

ഇന്നലെ രണ്ടു വെള്ളെലികള്‍ക്ക്
പെത്തെടിന്‍ കുത്തിവച്ച്
കണ്ടുരസിച്ചു

പുതിയകാലത്തിന്‍റെ ആണ്‍ ചതിവഴികള്‍ കവിത ചുണ്ടി കാണിക്കുന്നുണ്ട്. ഫേസ്ബുക്ക് വഴി അഞ്ച് കുടുംബങ്ങളെ തകര്‍ത്തു എന്നുള്ള വരികളും മറ്റും ഇതാണ് സുചിപ്പിക്കുന്നത്.ലൈംഗികതയോ,അതിന്‍റെ സംതൃപ്തിയോ അല്ല ചതിക്കുമ്പോള്‍ ഉള്ള സുഖമാണ് തന്നെ ഇന്നും നയിക്കുന്നതു എന്നും സിറില്‍ പറയുന്നു

ആടറിയാതെ ആടിനെ മലമ്പാതയിലൂടെ
അറവുശാലയിലേക്ക്
നയിക്കുന്ന ആ നടപ്പുണ്ടല്ലോ
ആ നടപ്പിലാണ് ടെസെ എന്‍റെ സുഖം
നിന്‍റെ കിടക്കയിലല്ല!! 

എന്ന് കുറിക്കുന്നിടത്തു ആണ്‍ പോരിമയുടെ അഹങ്കാരം കാണാം.ആണിനെ മറികടക്കാന്‍ ഇതല്ല വഴിയെന്നാണ് പറഞ്ഞുവയ്ക്കുന്നത്
ഒരു സിനിമ നടത്തിയ രാഷ്ട്രീയവായനയെ സംവദാത്മമായി സമീപിക്കുകയാണ് ഈ കവിത.പുരുഷത്വം അവന്‍റെ ലിംഗത്തില്‍ അല്ലായെന്നും അതിനാല് ആ നിലക്കുള്ള സ്ത്രീ സമീപനങ്ങള്‍ അപക്വവും അവിവേകവും ആണെന്ന്കുടിയുള്ള ഒരു നിലപാട് ഈ കവിത സ്വീകരിക്കുന്നുണ്ട്.സിനിമക്കൊപ്പമേ ഈ കവിത നിലനില്‍ക്കുകയുള്ളൂ.അതീ കവിതയുടെ പരാജയമാണെങ്കിലും ഇതിന്റെ രാഷ്ട്രീയ വായന എന്നും പ്രസക്തമാണ്.എങ്കിലും ഇത്ര പൊടുന്നനെ ഇത്തരം ഒരു കവിത രചിച്ചു കാവിതാച്ചരിത്രത്തിന്‍റെ ഭാഗമായ ആര്‍.വേണുഗോപാല്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.
ടെസ്സമോളെ,ഇത് സിറിലാ..-ആര്‍.വേണുഗോപാല്‍-മാതൃഭുമിആഴ്ചപ്പതിപ്പ്-മെയ്‌ 6-12,2012

Wednesday, 11 April 2012

കാക്കകള്‍ ഇപ്പോഴും കല്ലേറ് കൊള്ളേണ്ടവരോ?

ചരിത്രത്തിലും നിത്യജീവിത കാഴ്ച്ചകളിലും അതിരുകള്‍ക്കപ്പുറം അലഞ്ഞിരുന്നവര്‍ എഴുത്തിടങ്ങളില്‍  ഇടം തേടുന്നതിന്‍റെ നേരറിവുകള്‍ മലയാളസാഹിത്യത്തില്‍ വ്യെക്തമാക്കിത്തരുന്നത് പുതുകവിതകളാണ്.
ആ ശ്രേണിയില്‍ അടയാളപ്പെടുത്താവുന്ന ഒന്നാണ് സാംബശിവന്‍ മുത്താനയുടെ കാക്ക എന്ന കവിത.
എന്നാല്‍ പതിവ് രീതികളില്‍ നിന്നും വ്യെത്യസ്തമായി,കീ ഴാള ജീവിതത്തെആവിഷ്ക്കരിക്കുന്നതിന്പകരം,മേലാളത്വംകീഴാളത്വത്തെ നോക്കിക്കാണ‌ുന്നതിലുള്ളപരിഹാസ്യതയാണ്കവി കാക്ക എന്ന രുപകത്തിലുടെ ആവിഷ്ക്കരിക്കുന്നത്.

കാക്കനിറം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നും മാറ്റിനിര്‍ത്തപ്പെടുന്ന ഒരു ജീവിയാണ്.
എന്നാല്‍ അതിനൊപ്പം തന്നെ അതിന്‍റെ കൌശലം പ്രഖ്യാതവുമാണ്!വൈലോപ്പിള്ളി കാക്കയുടെ പ്രകൃതീയമായ പ്രസക്തിയും പ്രയോജനങ്ങളും ബോധ്യപ്പെടുത്താന്‍ കവിതയിലുടെ ശ്രമിച്ചുവെങ്കിലും ഒരു രാഷ്ട്രീയ വായന അത് സാധ്യമാക്കിയില്ല .
സാബശിവന്‍റെ കവിതയുടെ സാധ്യതയാകട്ടെ ഈ രാഷ്ട്രീയമാണ്‌താനും.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഭാഷണരുപത്തിലാണ് കവിതയുടെ ആഖ്യാനം.വീടുകളിലേക്കുള്ള കാക്കകളുടെ കടന്നുവരവുതന്നെ വൃത്തികേടായി കണക്കാക്കപ്പെടുന്നു.അത്തരം "ധിക്കാരങ്ങളെ"വച്ചു പൊറുപ്പിച്ചുകുടാ എന്നതാണ് മേലാള മനോഭാവം!
ഈ സുചനയില്‍ നിന്നാണ് കവിത തുടങ്ങുന്നത്.

എടി,
ഈ കാക്കയുടെ കൌശലം കണ്ടാ
എറയത്തെ തട്ടൂടിയില്‍ തൂറിയത്തിനു
ഒളിഞ്ഞിരുന്ന് ഞാന്‍ കല്ലെറിഞ്ഞു
ഏറുകൊണ്ടാതോ
ചാപ്പില്‍ കമത്തിയിരുന്ന
മീഞ്ചട്ടിയിലും കഞ്ഞിക്കലത്തിലും.
കവിത തുടങ്ങുന്നത്.


 
നുറ്റാണ്ടുകള്‍ക്ക്മുന്‍പ് കേരളത്തില്‍ നടന്ന വഴി നടക്കാനുള്ള സമരത്തിന്‍റെ നേര്‍ക്ക്‌ പൊതു(?)സമുഹം സ്വീകരിച്ച മനോഭാവത്തിന്‍റെ ആധുനിക ഭാഷ്യമാകുന്നുണ്ട് ഈ കവിതാരംഭം തന്നെ.ഇപ്രകാരം ചരിത്രത്തിലൂടെ കടന്നുപോയ സമരങ്ങളെയും സഹനങ്ങളെയും പുച്ഛത്തോടെ പരിഹസിക്കുന്ന മേലാളമനോഭാവം കവിതയിലുടനീളം ചിത്രീകരിക്കപ്പെടുന്നുണ്ട്.

ഇന്നു ഈ കിഴാളവര്‍ഗം അനുഭവിക്കുന്ന അവകാശങ്ങള്‍ സുഖജീവിതമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.അത് കൊണ്ടാണ് കവിതയിലെ  മേലാള പ്രതിനിധി ഭാര്യയോട് ഇങ്ങിനെ ചോദിക്കുന്നത്

എടി ഭാര്യേ
നമുക്കും കാക്കകളായാലോ.

കാക്ക-സാബശിവന്‍ മുത്താന-പച്ചക്കുതിര മാസിക-ഏപ്രില്‍2012‍
 

Friday, 6 April 2012

പുതിയ വാര്‍ദ്ധക്യ പുരാണങ്ങള്‍


മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ ഭീഷ്മരെ പുത്തന്‍ കാലത്തിന്‍റെ ഭീഷ്മ പഥങ്ങളിലേക്ക് ആവാഹിച്ചെടുക്കുകയാണ് എം.എസ് ബനേഷ് ഈ കവിതയിലുടെ.ഇതിഹാസത്തിലെ  ഭീഷ്മര്‍ എന്നും അവിവാഹിതനായി കഴിഞ്ഞ ആളാണ്‌.വിട്ടു വീഴ്ച്ചകളില്ലാത്ത നിലപാടുകളിലുടെ സ്വജീവിതം ബലികൊടുത്തുകൊണ്ട് നിത്യ സാക്ഷിയായി ആ കര്‍മയോഗി പൊലിഞ്ഞുതീര്‍ന്നു.അതില്‍ നിന്നും ഏറെ വിഭിന്നമല്ല ഇപ്പോഴത്തെ ഭീഷ്മജീവിതങ്ങളെന്നു ഈ കവിത കുറിച്ചിടുന്നു.

ജീവിതാന്ത്യത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വാര്‍ദ്ധക്യങ്ങള്‍ ഇക്കാലത്തിന്‍റെ ഏറ്റവും വലിയ ദുരന്തമാണ്.അനാഥത്വത്തിന്‍റെ നെടുവീര്‍പ്പുകളും ഓര്‍മ്മകളുടെ വേ ലിയേററ്ങ്ങളും സഹനത്തിന്‍റെ നിമിഷങ്ങളും ആയി അത്തരം ജീവിതങ്ങള്‍ ആരും അറിയാതെ കടന്നുപോകുന്നു.അവിവാഹിതനാ യ ഇതിഹാസ ഭീഷ്മര്‍ എല്ലാ സൗഭാഗ്യങ്ങളോടെയും ആണ് സ്വര്‍ഗ്ഗം പുകിയതെങ്കില്‍,കുടുംബം ഉള്ള ആധുനികഭീഷ്മര്‍ ഏകനായി നരകയാതനകളോടെ യാത്രയാവുകയാണ്.മാതാപിതാക്കളെ തനിച്ചാക്കി,സുഖം തേടിപോകുന്ന പുത്തന്‍ കുറ്റുകാരുടെ മനോഭാവത്തെ വിദുരഗഗനങ്ങളിലെ മക്കള്‍ എന്നകവിതാനാമത്തിലെ രൂപക പ്രയോഗം കൊണ്ട് കവി സുചിപ്പിച്ചിരിക്കുന്നതു തന്നെ ആ കാവ്യാത്മകതയുടെ ഭംഗി അനുഭവപ്പെടുത്തുന്നുണ്ട് .

തോര്‍ച്ച-ജനുവരി,മാര്‍ച്ച്-2012

Thursday, 5 April 2012

അടഞ്ഞ വാതിലുകള്‍ക്കപ്പുറം?

അടുത്തറിയുമ്പോള്‍ അകലങ്ങള്‍ അലിഞ്ഞില്ലാതാവും.അകന്നു നില്‍ക്കുമ്പോള്‍ ആകട്ടെ അഞ്ജത കുടുകയും ചെയ്യും.എന്നാല്‍ ഈ അഞ്ജതയില്‍ ആകട്ടെ നിറയെ സങ്കല്പ്പങ്ങള്‍ക്ക് സാധ്യത ഉണ്ടുതാനും .അത്തരം ഒരു ഭാവനയുടെ വീണ്ടു വിചാരങ്ങളാണ് ശ്രീകുമാര്‍കരിയാടിന്‍റെ തുറക്കാത്ത വാതിലില്‍ മുട്ടുന്നവരുടെ മനോഭാവം  എന്ന കവിത.പുറം കാഴ്ചകളില്‍ വെളിച്ചമുണ്ടെങ്കിലും അകം കാഴ്ചകള്‍ ദുരുഹമായിരിക്കും എന്ന് കവിത ചുണ്ടിക്കാട്ടുന്നു.വര്‍ത്തമാനകാല സമുഹത്തിന്‍റെ നേര്‍ക്കാഴ്ചയായി അതുകൊണ്ടുതന്നെ കവിത മാറുന്നുണ്ട്.
അകത്ത് കത്തിയും പുറത്തു ഭക്ത്തിയും  എന്ന പഴമൊഴി മലയാളത്തില്‍ ഉടലെടുത്തതു അനുഭവങ്ങളുടെ തീവ്രതയില്‍ നിന്നാവാം.ഈ ചൊല്ലിന്‍റെ പുത്തന്‍ പൂരണമാണ് കരിയാടിന്‍റെ കവിത.കുട്ടികളുടെ നിസഹായത,വാര്‍ധക്യത്തിന്‍റെ അനാഥത്വം,ഭീകരത,വിപ്ലവം എന്നിങ്ങനെ വര്‍ത്തമാനകാല ജീവിതത്തെ വായിച്ചുപോകുന്നുണ്ട് ഈ കവിത.
ഓരോരോ അകങ്ങളും ഒത്തിരിയൊത്തിരി പുത്തന്‍ പ്രതീക്ഷകളുടെ കുടാരങ്ങള്‍ ആണ്.അതാകട്ടെ
            അത്രയും വിശദമല്ലാത്തതും
            എന്നാല്‍ തെല്ലും ദുര്‍ഗടമില്ലാത്തതും
ആകുകയും ചെയ്യുന്നു.
അനുഭവങ്ങളെ കിനാവോ,യാഥാര്‍ത്ഥ്യമോ എന്ന് ഒരുനിമിഷമെങ്കിലും ശങ്കിക്കുക ചിലപ്പോളെങ്കിലും മനുഷ്യ സഹജമാണ്.അനുഭവങ്ങള്‍ സന്തോഷ-സന്താപ ദായകമായാലും കണ്ണീരണിഞ്ഞുപോകും.ആ അനുഭവത്തെ കവി വളരെ ഉദാത്തമായി ഇങ്ങിനെ കുറിക്കുന്നു
          ഊഞ്ഞാ‍ല്‍ പടിപോല്‍
          കിനാവല്ലെന്നുറപ്പിക്കാന്‍ വീണ്ടുമാമരത്തടി
          വന്നിടിക്കുന്നു കണ്ണീര്‍മുഖത്തങ്ങനെ
          എല്ലായ്പോഴും
 പുതുകവികളില്‍ വേറിട്ടൊരു വഴിയാണ് ശ്രീകുമാറിന്‍റെത്.എന്നാല്‍ അത് ദുരുഹതയുടെയും പദമായിമാറുന്നു.പുതു കവിത ഋജുവും സരളവുമായിത്തീരുമ്പോള്‍  സ്വന്തം എഴുത്ത് ഇത്രയും ദുരുഹാമാക്കണോഎന്ന് കരിയാട് ചിന്തിക്കേണ്ടതുണ്ടെന്നു തോന്നുന്നു!ഇത്രമേല്‍ വാചാലവും.
         

തുറക്കാത്ത വാതിലില്‍ മുട്ടുന്നവരുടെ മനോഭാവം-ശ്രീകുമാര്‍ കരിയാട്‌-പച്ചക്കുതിര,മാര്‍ച്ച് 2012

Wednesday, 8 February 2012

ജീവിതാന്ത്യം എ.അയ്യപ്പന്‍

  എ.അയ്യപ്പന്‍ ഒരു ക്ലീഷേ ആയിരുന്നു.ആര്‍ക്കും അനുകരിക്കാനാവാത്ത,അസൂയപ്പെടുത്തുന്ന ജീവിതത്തിലുടെ സഞ്ചരിച്ചവന്‍.മരണാനന്തരം അദ്ദേഹത്തിനു ഒത്തിരി വാഴ്ത്തിപ്പാടലുകള്‍ ഉണ്ടായി.കവികള്‍ ഊഴമനുസരിച്ചു കവിതകള്‍ എഴുതി.പുസ്തകപ്രസാധകര്‍ തക്കം നോക്കി കച്ചവടം നടത്തി കാശുണ്ടാക്കി.ആരവങ്ങള്‍ ഒഴിഞ്ഞപ്പോള്‍ ഇതാ അന്വര്‍ത്ഥമായ ഒരുകവിത.ജോണിനെപ്പറ്റി ചുള്ളിക്കാട് എഴുതിയതു ഇന്നും അതിജീവിക്കുന്ന പോലെ മധുമാസ്റ്ററുടെ ഈ കവിതയും നിലനില്‍ക്കും. കവിത അതേപടി ഇവിടെ പകര്‍ത്തുക മാത്രം ചെയ്യട്ടെബലിക്കാക്ക

അമ്ലത്തില്‍ പോരിച്ചെടുത്ത
ഒരു നെയ്യപ്പം
അയ്യപ്പനെനിക്ക് തന്നു
ഞാനത് തിന്നുതീരുംമുന്‍പേ
ഒരു കാക്കവന്ന്
അയ്യപ്പനെ കൊത്തിക്കൊണ്ടുപോയി
അതൊരു  ബാലിക്കാക്കയായിരുന്നെന്ന്
ഇന്ന് ഞാനറിയുന്നു.


മാധ്യമം വാരിക ജനുവരി 30,2012

Thursday, 19 January 2012

വെളുപ്പിനഴക്,കറുപ്പിനോ?

പുതുകവിതയുടെ വേറിട്ടൊരു വഴിയാണ് അത് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.അതാകട്ടെ പലപ്പോഴും അരാഷ്ട്രീയതയുടെ വഴിയും ആകാറുണ്ട്.എന്നാല്‍ ഈ രാഷ്ട്രീയവഴികളില്‍ വ്യെക്തമായി അടയാളപ്പെടുത്താവുന്ന ഒന്നാണ് ദളിത്‌ കവിതകള്‍ എം.വി.മനോജിനെപ്പോലുള്ള കവികള്‍ കുടിപ്പകയുടെ രൂപത്തില്‍ എഴുതുമ്പോള്‍,എം.ആര്‍.രേണുകുമാര്‍,എസ്‌.ജോസഫ്‌,ബിനു എം.പള്ളിപ്പാട് തുടങ്ങിയവര്‍ തികഞ്ഞ ചരിത്രാവധാനയോടെ എഴുതുന്നത് കാണാം.പൌര്‍ണമിയും അമാവാസിയും കോടതിയില്‍ എന്ന രചനയും അത്തരമൊരുകൃതിയാണ്

പീഡനത്തിന് ഇരയാവുന്ന കറുത്ത പെണ്ണിനെ സമുഹവും നിയമവും എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതിന്‍റെ നിദര്‍ശനമാകുന്നു ഈ കവിത.ഇര പ്രതിയും വേട്ടക്കാര്‍ നിരപരാധികളും ആകുന്ന വര്‍ത്ത മാനവസ്ഥ കൃത്യതയോടെ ബിനു വരച്ചിടുന്നുണ്ട്.പൗര്‍ണ്ണമിയും അമാവാസിയും ചന്ദ്രന്‍റെ രണ്ടവസ്ഥകളെങ്കിലും അതെങ്ങിനെ സ്വികരിക്കപ്പെടുന്നു എന്നതിനെ ഈ കവിത വിചാരണചെയ്യുന്നു.കറുപ്പും വെളുപ്പും വേറിട്ട രണ്ടു സത്യങ്ങള്‍ ആയി ഇന്നും നിലനില്‍ക്കുന്നുവെന്നു ഈ കവിത ചുണ്ടിക്കാണിക്കുന്നു.

പൗര്‍ണ്ണമിയും അമാവാസിയും കോടതിയില്‍ -ബിനു.എം.പള്ളിപ്പാട്-പാഠഭേദം,ജനുവരി 2012