Wednesday 2 May 2012

22,ഫീമെയിലിലെ ടെസ്സയ്ക്ക്,സിറില്‍ എഴുതുമ്പോള്‍

സാഹിത്യത്തില്‍ നിന്നും സിനിമ ഉടലെക്കുന്നതിനു സിനിമയുടെ ആരംഭചരിത്രത്തോളം തന്നെ പഴക്കമുണ്ട്.എന്നാല്‍ സിനിമയില്‍ നിന്നും സാഹിത്യസൃഷ്ടി ഉണ്ടാകുന്നത് അപുര്‍വമാണ്,പ്രത്യേകിച്ചും മലയാളത്തില്‍.കാഴ്ചകളും അനുഭവങ്ങളും ചിത്രങ്ങളും സിനിമകളും ഒക്കെത്തന്നെ എഴുത്തുകാരെ സ്വാധീനിക്കുന്നു.അതിന്‍റെ പ്രചോദനം കഥയോ,കവിതയോ,നോവലോ ഒക്കെ ആയി പിറന്നെന്നു വരാം.എന്നാല്‍ ഒരു സിനിമയുടെ ഉള്ളടക്കത്തിനു ഒരു മറുകുറിപ്പായി,ഒരു കഥാപാത്രത്തിനു പ്രതി കഥാപാത്രത്തിന്‍റെ പുനര്‍വായനയായി ഒരുകവിത മലയാളത്തില്‍ ഉണ്ടായത് ആദ്യ സാഹിത്യാനുഭവം ആണെന്ന് തോന്നുന്നു.ആഷിക്അബുവിന്‍റെ 22,ഫീമെയില്‍ കോട്ടയം എന്ന സിനിമയെ അധികരിച്ച് രചിക്കപ്പെട്ട ആര്‍.വേണുഗോപാലിന്‍റെ ടെസ്സമോളെ,ഇത് സിറിലാ..എന്ന കവിത ഇതിന്‍റെ നിദര്‍ശനമാണ്.അതും ഒരു സിനിമ ഇറങ്ങിയ ഉടന്‍തന്നെ!
പോളിഷ് സംവിധായകനായ france de pena യുടെ your name is justin എന്ന സിനിമയുടെ വിദൂരഅനുകരണമാണ് ആഷിക്അബുവിന്‍റെ 22,ഫീമൈല്‍ കോട്ടയം.(ആഷിക് ഇതിനെ inspiretion എന്നുതന്നെ വിളിച്ചോട്ടെ )  mario എന്ന ( anna ciesslak) പെണ്‍കുട്ടി വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെടുന്നതും ഒടുവില്‍ അവള്‍ പ്രതികാരദാഹിയായി മാറുന്നതുമാണ്‌ പ്രസ്തുത സിനിമ.അതിന്‍റെ കേരളീയപരിസരാവിഷ്ക്കരമാണ് ആഷിക്കിന്‍റെ സിനിമ.കേരളത്തിന്‍റെ മാറുന്ന സാംസ്കാരികജീവിതത്തിലേക്കും വര്‍ത്തമാനകാല സ്ത്രീ ജീവിതത്തിലേക്കും സര്‍ഗാത്മകമായി കടക്കാന്‍ ആഷിക്കിന് ആയി എസിരിളില്‍ ന്നതാണ് ഈ സിനിമയുടെ വിജയം.

ഫീമെയിലിലെ നായികയായ ടെസ്സ(റീമ കല്ലിങ്കല്‍)വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപെടുകയല്ല,ലൈംഗിക ചുഷണത്തിനു പലവട്ടം വിധേയമാക്കപ്പെടുകയാണ്.പ്രണയിക്കുന്ന പുരുഷന്‍ തന്നെ ചതിക്കുമ്പോള്‍ അവളും പ്രതികാരദുര്‍ഗയായി മാറുകയും കാമുകനെ ലിംഗ ഛെദനം നടത്തി കാനഡയിലെക്ക് യാത്രയാവുന്നിടത്ത് സിനിമ അവസാനിക്കുന്നു.ഇപ്രകാരം കാനഡയിലേക്ക് പോയ ടെസ്സയ്ക്ക്,കാമുകനായിരുന്ന സിറില്‍ കത്തെഴുതുന്ന രീതിയിലാണ് ആര്‍.വേണുഗോപാലിന്‍റെ കവിത.
മലയാളസിനിമ പുരുഷ കേന്ദ്രീകൃതമാണ്‌ എന്നതിന് ഒരു മറുപടിയാണ് ആഷിക്കിന്‍റെ സിനിമ എങ്കിലും,പുരുഷത്വവും അവന്‍റെ കൌശലതകളും ലിംഗഛെദം കൊണ്ട് അവസാനിക്കുന്നില്ലെന്നാണ് ഈ കവിത പറയുന്നത്.ടെസ്സയെ ചതിച്ചതോ,ചൂഷണം ചെയ്തതോ യാതൊരുവിധ കുറ്റബോധവും കവിതയിലെ സിറിലില്‍ ഉണ്ടാക്കുന്നില്ല.സാഡിസം ഒരു സ്വഭാവമായി അവനില്‍ തുടരുകതന്നെയാണ്.അതുകൊണ്ടാണ്‌ സിറില്‍ ടെസ്സക്ക് ഇങ്ങിനെ എഴുതുന്നത്

ഇന്നലെ രണ്ടു വെള്ളെലികള്‍ക്ക്
പെത്തെടിന്‍ കുത്തിവച്ച്
കണ്ടുരസിച്ചു

പുതിയകാലത്തിന്‍റെ ആണ്‍ ചതിവഴികള്‍ കവിത ചുണ്ടി കാണിക്കുന്നുണ്ട്. ഫേസ്ബുക്ക് വഴി അഞ്ച് കുടുംബങ്ങളെ തകര്‍ത്തു എന്നുള്ള വരികളും മറ്റും ഇതാണ് സുചിപ്പിക്കുന്നത്.ലൈംഗികതയോ,അതിന്‍റെ സംതൃപ്തിയോ അല്ല ചതിക്കുമ്പോള്‍ ഉള്ള സുഖമാണ് തന്നെ ഇന്നും നയിക്കുന്നതു എന്നും സിറില്‍ പറയുന്നു

ആടറിയാതെ ആടിനെ മലമ്പാതയിലൂടെ
അറവുശാലയിലേക്ക്
നയിക്കുന്ന ആ നടപ്പുണ്ടല്ലോ
ആ നടപ്പിലാണ് ടെസെ എന്‍റെ സുഖം
നിന്‍റെ കിടക്കയിലല്ല!! 

എന്ന് കുറിക്കുന്നിടത്തു ആണ്‍ പോരിമയുടെ അഹങ്കാരം കാണാം.ആണിനെ മറികടക്കാന്‍ ഇതല്ല വഴിയെന്നാണ് പറഞ്ഞുവയ്ക്കുന്നത്
ഒരു സിനിമ നടത്തിയ രാഷ്ട്രീയവായനയെ സംവദാത്മമായി സമീപിക്കുകയാണ് ഈ കവിത.പുരുഷത്വം അവന്‍റെ ലിംഗത്തില്‍ അല്ലായെന്നും അതിനാല് ആ നിലക്കുള്ള സ്ത്രീ സമീപനങ്ങള്‍ അപക്വവും അവിവേകവും ആണെന്ന്കുടിയുള്ള ഒരു നിലപാട് ഈ കവിത സ്വീകരിക്കുന്നുണ്ട്.സിനിമക്കൊപ്പമേ ഈ കവിത നിലനില്‍ക്കുകയുള്ളൂ.അതീ കവിതയുടെ പരാജയമാണെങ്കിലും ഇതിന്റെ രാഷ്ട്രീയ വായന എന്നും പ്രസക്തമാണ്.എങ്കിലും ഇത്ര പൊടുന്നനെ ഇത്തരം ഒരു കവിത രചിച്ചു കാവിതാച്ചരിത്രത്തിന്‍റെ ഭാഗമായ ആര്‍.വേണുഗോപാല്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.
ടെസ്സമോളെ,ഇത് സിറിലാ..-ആര്‍.വേണുഗോപാല്‍-മാതൃഭുമിആഴ്ചപ്പതിപ്പ്-മെയ്‌ 6-12,2012

No comments:

Post a Comment